ജനപ്രതിനിധികൾക്ക് വകതിരിവില്ലെങ്കിൽ, ആളും ആരവവുമായി രമ്യാ ഹരിദാസ് എംപി കമ്മ്യൂണിറ്റി കിച്ചണിൽ

ആലത്തൂർ: ആളും ആരവവുമായി കമ്മ്യൂണിറ്റി കിച്ചണിലെത്തി നഗ്നമായ ലോക്ക് ഡൗൺ ലംഘനം നടത്തിയിരിക്കുകയാണ് ആലത്തൂർ എംപി രമ്യ ഹരിദാസ്. ആലത്തൂർ പുതുക്കോട് ഗ്രാമ പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആളെ കൂട്ടി സന്ദർശനം നടത്തിയതായാണ് രമ്യ ഹരിദാസിന് എതിരെ ഉയർന്ന പരാതി.

രമ്യ 50 ലധികം കോൺഗ്രസ് പ്രവർത്തകരോടൊപ്പം കമ്മ്യൂണിറ്റി കിച്ചണിൽ സന്ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നു. ഇന്നലെയാണ് ആലത്തൂർ എംപി രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും സംഘടന നേതാക്കൾക്കൊപ്പം ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചുകൊണ്ട് ആലത്തൂർ ഗ്രാമ പഞ്ചായത്തിലെ വെങ്ങന്നൂരിലും, പുതുക്കോട് ഗ്രാമ പഞ്ചായത്തിലെ സാമൂഹിക അടുക്കളയിലും കൂട്ടം ചേർന്നത്.

രമ്യ ഹരിദാസ് എംപി പുതുക്കോട്ടിൽ എത്തിയപ്പോൾ അമ്പതോളം ആളുകളും ഒപ്പം ഉണ്ടായിരുന്നു. സാമൂഹിക അടുക്കളയിൽ ജോലിചെയ്യുന്നവർക്ക് സഹായം നൽകാനെന്ന പേരിലായിരുന്നു രമ്യയുടെയും കൂട്ടരുടേയും സന്ദർശനമെന്നാണ് ആരോപണം. എംപി ഉൾപ്പെടെ സംഘത്തിലുള്ള നിരവധി ആളുകൾ മാസ്കോ മറ്റ് സുരക്ഷ ഉപകരണങ്ങേളോ ധരിച്ചിട്ടില്ല എന്നതും ചിത്രത്തിൽ വ്യക്തമാണ്.
കോവിഡ് ഭീതിയിൽ ആളുകൾ പൊതുസ്ഥലങ്ങളിൽ ഒത്തു ചേരരുത് എന്നാണ് സർക്കാർ നിർദേശം. ഇത് എംപി തന്നെ ലംഘിക്കുകയാണെന്നാരോപിച്ച് സിപിഎമ്മും, ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News