ബ്രാഹ്‌മണർക്കെതിരെ പരാമർശം: മധ്യപ്രദേശിൽ ബിജെപി നേതാവ് പാർട്ടിയ്ക്ക് പുറത്ത്‌

ഭോപ്പാല്‍: ബ്രാഹ്‌മണരെ കുറിച്ച് വിവാദപരാമര്‍ശം നടത്തിയ മധ്യപ്രദേശ് ബിജെപി നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രീതം സിങ് ലോധി എന്ന ഗ്വാളിയര്‍-ചമ്പല്‍ മേഖലയിലെ നേതാവിനെയാണ് പുറത്താക്കിയത്. ശനിയാഴ്ച രാവിലെ ഭോപ്പാലിലെ ബിജെപി ആസ്ഥാനത്ത് വിളിച്ചു വരുത്തി പ്രീതം സിങ് ലോധിയുടെ പ്രാഥമിക അംഗത്വം റദ്ദാക്കി. വീരവനിതയായ റാണി അവന്തി ബായിയുടെ ജന്മവാര്‍ഷികത്തിന് മികച്ച വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ബ്രാഹമണര്‍ക്കെതിരെ പ്രീതം സിങ് പരാമര്‍ശം നടത്തിയത്. മതത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയും ഉപദ്രവിക്കുകയുമാണ് ബ്രാഹ്‌മണര്‍ ചെയ്യുന്നതെന്ന് പ്രീതം പ്രസംഗത്തിനിടെ പറഞ്ഞു. പ്രീതം സിങ്ങിന്റെ പ്രസംഗത്തിന്റെ വിവാദപരമായ ഭാഗങ്ങള്‍ വന്‍തോതില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

ജനങ്ങളുടെ പണവും വിഭവങ്ങളും ഉപയോഗപ്പെടുത്തിയാണ് ബ്രാഹ്‌മണര്‍ അഭിവൃദ്ധി നേടുന്നതെന്ന് പ്രസ്താവിച്ച പ്രീതം സിങ്, നല്ല കുടുംബങ്ങളില്‍ നിന്നുള്ള സുന്ദരികളായ സ്ത്രീകളെ കണ്ടാല്‍ പിന്നെ ബ്രാഹമണര്‍ക്ക് അവരുടെ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്നും ചെറുപ്പക്കാരികളെ മുന്‍നിരയിലിരുത്താനും പ്രായമേറിയ സ്ത്രീകളെ പിന്നിലിരുത്താനുമാണ് താത്പര്യമെന്നും കൂട്ടിച്ചേര്‍ത്തു. ബ്രാഹ്‌മണവിഭാഗത്തിന്റെ പിന്തുണ നേടാന്‍ ശ്രമിക്കുന്ന ബിജെപിയ്ക്ക് പ്രീതം സിങ്ങിന്റെ പ്രസ്താവന വലിയ പ്രഹരമായി.

പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായാണ് ഒരു പ്രത്യേക സമുദായത്തിനെതിരെ പ്രീതം സിങ് പരാമര്‍ശം നടത്തിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബഗവന്‍ദാസ് സബ്‌നാനി പ്രസ്താവിച്ചു. പാര്‍ട്ടിയ്ക്ക് പ്രീതം സിങ്ങിന്റെ പരാമര്‍ശങ്ങള്‍ ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും സബ്‌നാനി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പ്രീതം സിങ്ങിന് നോട്ടീസ് നല്‍കിയതായും പ്രീതം മാപ്പെഴുതി നല്‍കിയതായും ആറ് കൊല്ലത്തേക്ക് പ്രീതമിന്റെ പ്രാഥമികാംഗത്വം റദ്ദാക്കിയതായും സബ്‌നാനി അറിയിച്ചു.

ജനങ്ങള്‍ക്കിടയില്‍ ശത്രുത പരത്താന്‍ ശ്രമിച്ചുവെന്ന കുറ്റം ആരോപിച്ച് ബിജെപി യുവജനവിഭാഗത്തിന്റെ നേതാവ് പ്രവീണ്‍ മിശ്ര വിവാദപരാമര്‍ശം ചൂണ്ടിക്കാട്ടി പ്രീതത്തിനെതിരെ പോലീസില്‍ പരാതി നല്‍കി. 62 കാരനായ പ്രീതം സിങ്ങിനെതിരെ നാല് വധശ്രമവും രണ്ട് കൊലപാതകവും ഉള്‍പ്പെടെ 37 കേസുകളുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ ഭാരതിയുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് പ്രീതം സിങ്. ബിജെപി ടിക്കറ്റില്‍ കഴിഞ്ഞ രണ്ട് നിയമസഭാതിരഞ്ഞെടുപ്പില്‍ ഇദ്ദേഹം മത്സരിച്ചിരുന്നു. 2018 ല്‍ വെറും 2,500 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എ കെ.പി. സിങ്ങിനെതിരെ പ്രീതം സിങ് പരാജയപ്പെട്ടത്.

ബിൽക്കീസ് ബാനു ബലാത്സംഗ കേസിലും അവരുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസിലും ശിക്ഷയിളവ് ലഭിച്ച കുറ്റവാളികളിൽ ചിലർ നല്ല മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന ബ്രാഹ്മണരാണെന്നും അവർ കേസുകളിൽ അകപ്പെട്ടുപോയതാകാമെന്നും ഗുജറാത്ത് ബി.ജെ.പി എം.എൽ.എ.പറഞ്ഞിരുന്നു

ബ്രാഹ്മണർ മികച്ച മൂല്യങ്ങളുള്ളവരാണെന്നും ജയിലിൽ ഇവരുടെ സ്വഭാവം മികച്ചതായിരുന്നുവെന്നും ശിക്ഷയിളവ് പരിശോധിക്കാൻ നിയോഗിക്കപ്പെട്ട സമിതിയിലെ അംഗം കൂടിയായ സി.കെ. റൗൾജി പറഞ്ഞു. ഇതിനിടെ, പരാമർശം വിവാദമായതോടെ, ബലാത്സംഗം ചെയ്തവർക്ക് ജാതിയില്ലെന്നും അവർ ശിക്ഷിക്കപ്പെടേണ്ടവരാണെന്നും റൗൾജി ട്വീറ്റ് ചെയ്തു. മോചിപ്പിക്കപ്പെട്ട 11 പേർ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ ശിക്ഷയിളവ് ശിപാർശ നൽകിയതെന്നും റൗൾജി വ്യാഴാഴ്ച പ്രാദേശിക വിഡിയോ ചാനലിനോട് പറഞ്ഞിരുന്നു.

”കുറ്റം ചെയ്യാത്തവരും ഇത്തരം കലാപങ്ങളിൽ പ്രതി ചേർക്കപ്പെടുന്നത് അസാധാരണമല്ല. എനിക്കറിയില്ല അവർ തെറ്റു ചെയ്തിട്ടുണ്ടോ എന്ന്. അവരുടെ സ്വഭാവം കണക്കിലെടുത്താണ് ഞങ്ങൾ ശിപാർശ നൽകിയത്” -റൗൾജി വിശദീകരിച്ചു. ജയിൽ മോചിതരായവർക്ക് ഞങ്ങൾ സ്വീകരണം നൽകിയിട്ടില്ലെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

ഈ പരാമർശങ്ങൾ ചർച്ചാവിഷയമായതോടെയാണ് വെള്ളിയാഴ്ച വിശദീകരണ ട്വീറ്റുമായി എം.എൽ.എ രംഗത്തുവന്നത്. ”ബലാത്സംഗകർ ഒരു ജാതിയിലും പെടുന്നില്ല. ഞാനൊന്നും മോശമായിട്ട് പറഞ്ഞിട്ടില്ല. തെറ്റുചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണം. കോടതിവിധിയെ ഞങ്ങൾ മാനിക്കുന്നു.” -എം.എൽ.എയുടെ ട്വീറ്റിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News