റിമാൻഡ്‌ പ്രതികൾ കോടതിമുറ്റത്തുെവച്ച് പോലീസ് കസ്റ്റഡിയിൽനിന്ന് ചാടി

റിമാൻഡ്‌ പ്രതികൾ കോടതിമുറ്റത്തുെവച്ച് പോലീസ് കസ്റ്റഡിയിൽനിന്ന് ചാടി

മൂവാറ്റുപുഴ: ഒന്നരലക്ഷം രൂപ വിലവരുന്ന ചെമ്പ് കോയിലുകളും പിച്ചളയും മോഷ്ടിച്ച കേസിൽ കോടതി റിമാൻഡ്‌ ചെയ്ത ഇതര സംസ്ഥാനക്കാരായ പ്രതികൾ കോടതിവളപ്പിൽ പോലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയി. ഒരാളെ മണിക്കൂറുകൾക്കുശേഷം പിടികൂടി.

വാഴക്കുളം പോലീസ് പിടികൂടിയ ബംഗാൾ ചാർ മുൻഷിപ്പാറ സ്വദേശികളായ ശ്രീമന്ദ് മണ്ഡൽ (22), സനത് മണ്ഡൽ (22) എന്നിവരാണ് മൂവാറ്റുപുഴ കോടതിമുറ്റത്ത് പോലീസ് ജീപ്പിൽ കയറ്റുന്നതിനിടെ വൈകീട്ട് 6.30-ഓടെ ഓടിപ്പോയത്. ഇതിൽ ശ്രീമന്ദ് മണ്ഡലിനെ പുഴയ്ക്ക്‌ അക്കരെ വെള്ളൂർക്കുന്നം മേള ഓഡിറ്റോറിയത്തിനു സമീപത്തുനിന്ന് രാത്രി 7.30-ന് പിടികൂടി. സനത് മണ്ഡലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

മൂവാറ്റുപുഴ പോലീസും അന്വേഷണത്തിൽ രംഗത്തുണ്ട്. വാഴക്കുളം പോലീസ് സ്റ്റേഷനിൽനിന്ന് കൊണ്ടുവന്ന പ്രതികളെ കോടതി മൂവാറ്റുപുഴ സബ്ജയിലിലേക്ക് റിമാൻഡ്‌ ചെയ്തിരുന്നു. ജയിലിലേക്ക് കൊണ്ടുപോകാനായി കോടതിയിൽ നിന്നിറക്കി ജീപ്പിലേക്ക് കയറ്റാൻ ശ്രമിക്കുമ്പോഴാണ് പ്രതികൾ ഓടിയത്. കോടതിയുടെ മുൻവശത്തെ റോഡ് മുറിച്ചുകടന്ന് എതിർവശത്തുള്ള കെട്ടിടത്തിനിടയിലൂടെ പുഴയോരത്തേക്കാണ് ഓടിയത്.

ഒക്ടോബർ 15-ന് രാത്രി വാഴക്കുളം ടൗണിൽ കല്ലൂർക്കാട് ജങ്‌ഷനിലെ എഎംവി ഓൾഡ് മെറ്റൽ എന്ന സ്ഥാപനത്തിന്റെ മേൽക്കൂര മുറിച്ചുകയറി എട്ട് ചാക്കുകളിൽ സൂക്ഷിച്ചിരുന്ന 200 കിലോ ചെമ്പ് കോയിലുകളും പിച്ചളയും കവർന്ന കേസിലാണ് പോലീസ് ഇവരെ പിടികൂടിയത്. സബ് ഇൻസ്‌പെക്ടർ എസ്.എൻ. സുമിതയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽനിന്ന് പിടികൂടിയ പ്രതികളെ വാഴക്കുളം സ്റ്റേഷനിലെത്തിച്ച് നടപടികൾ പൂർത്തിയാക്കി വൈകീട്ട് മൂവാറ്റുപുഴ കോടതിയിൽ കൊണ്ടുവരുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News