ചെന്നൈ: മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമം. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് നിലത്തിറക്കാനാകാതെ മണിക്കൂറുകളോളം ട്രിച്ചി വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ടുപറന്ന എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം സുരക്ഷിതമായി ഇറക്കി. ട്രിച്ചിയില്‍നിന്ന് ഷാര്‍ജയിലേക്ക് പോയ വിമാനമാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ട്രിച്ചിയിലേക്കുതന്നെ തിരിച്ചു പറന്നത്.
വിമാനം അടിയന്തര ലാന്‍ഡിങ് നടത്തുന്നതിന്റെ ഭാഗമായി ആംബുലന്‍സുകളും ഫയര്‍ എന്‍ജിനുകളുമടക്കം ട്രിച്ചി വിമാനത്താവളത്തില്‍ സജ്ജമാക്കിയിരുന്നു. എന്നാല്‍ ആശങ്കകള്‍ക്ക് വിരമാമിട്ട് 141 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി തന്നെ ലാന്‍ഡ് ചെയ്തു. രണ്ടര മണിക്കൂറോളം ട്രിച്ചിയുടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം കളഞ്ഞ ശേഷമാണ് വിമാനം താഴെയിറക്കിയത്.
ഷാര്‍ജ ലക്ഷ്യമാക്കി പറന്ന വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൈലറ്റ് അടിയന്തര സഹായം തേടുകയായിരുന്നു. 20-ലധികം ആംബുലന്‍സുകളും ഫയര്‍ യൂണിറ്റുകളുമടക്കം സജ്ജമാക്കി അടിയന്തര സാഹചര്യം നേരിടാനുള്ള വന്‍ ക്രമീകരണവും വിമാനത്താവളത്തില്‍ സജ്ജമാക്കിയിരുന്നു.
ഷാർജയിലേക്ക് പുറപ്പെട്ട AXB613 വിമാനമാണ് ഏവരേയും ആശങ്കയിലാഴ്ത്തിയത്. ബോയിംഗ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ സംഭവിച്ചതിനെത്തുടർന്നാണിത്. 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.ട്രിച്ചിയില്‍നിന്ന് വൈകീട്ട് 5.40 ന് പുറപ്പെട്ട് ഷാര്‍ജയില്‍ രാത്രി എട്ടരയോടെ എത്തിച്ചേരേണ്ട വിമാനമാണിത്.