KeralaNews

റബര്‍ കര്‍ഷകർക്ക് ആശ്വാസം; 43 കോടി രൂപ സബ്സിഡി അനുവദിച്ചു, 1,45,564 പേർക്ക് ആനുകൂല്യം ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡി പ്രഖ്യാപിച്ച് സർക്കാർ. റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡിയായി 42.57 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 1,45,564 കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുകയെന്ന് മന്ത്രി അറിയിച്ചു.

നേരത്തെ 82.31 കോടി രൂപ വിതരണം ചെയ്തിരുന്നു. ഇതോടെ ഈ സാമ്പത്തിക വര്‍ഷം 124.88 കോടി രുപയാണ് സര്‍ക്കാര്‍ സബ്സിഡിയായി റബര്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കിയതെന്ന് ധനമന്ത്രി വ്യക്തമാക്കി.

സ്വാഭാവിക റബറിന് വിലയിടഞ്ഞ സാഹചര്യത്തിലാണ് റബര്‍ ഉല്‍പാദന ഇന്‍സെന്റീവ് പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു കിലോഗ്രാം റബറിന് 170 രൂപ വില ഉറപ്പാക്കുന്ന നിലയില്‍ സബ്സിഡി തുക ഉയര്‍ത്തി. വിപണി വിലയില്‍ കുറവുവരുന്ന തുക സര്‍ക്കാര്‍ സബ്സിഡിയായി അനുവദിക്കുന്നു.

റബര്‍ ബോര്‍ഡ് അംഗീകരിക്കുന്ന കര്‍ഷകരുടെ പട്ടിക അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ സബ്സിഡി നല്‍കുന്നതിന്. ഇതിനായി റബര്‍ വിലസ്ഥിരത ഫണ്ട് വിനിയോഗിക്കുന്നു. ഈവര്‍ഷം ബജറ്റില്‍ 600 കോടി രൂപയാണ് ഫണ്ടിലേക്കായി നീക്കിവച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

അതേസമയം, ഇതര സംസ്ഥാന തൊഴിലാളികൾക്ക് കേരളത്തിലെ റേഷൻ കടകളിൽ നിന്നും റേഷൻ വിഹിതം വാങ്ങാൻ കഴിയുമെന്ന അറിവ് ലഭ്യമാക്കുന്നതിനായി വിവിധ ഭാഷകളിൽ തയ്യാറാക്കിയ റേഷൻ റൈറ്റ് കാർഡിന്റെ ജില്ലാതല ഉദ്ഘാടനം ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ കഴിഞ്ഞ ദിവസം നിർവഹിച്ചു.

2013ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം അനുസരിച്ച് ദരിദ്ര വിഭാഗത്തിൽ ഉൾപ്പെടുന്ന (എൻഎഫ്എസ്എ ) റേഷൻ കാർഡുടമകൾക്കോ അംഗങ്ങൾക്കോ രാജ്യത്തെ ഏത് സംസ്ഥാനത്ത് നിന്നും അവരുടെ റേഷൻ വിഹിതം കൈപ്പറ്റാവുന്നതാണ്. എന്നാൽ ഇക്കാര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടത്ര പരിജ്ഞാനം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിവിധ ഭാഷകളിൽ തയ്യാറാക്കിയ റേഷൻ റൈറ്റ് കാർഡ് പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപംനൽകിയതെന്ന് മന്ത്രി പറഞ്ഞു.

ദരിദ്ര വിഭാഗത്തിൽ ഉൾപ്പെടുന്ന റേഷൻ കാർഡുടമകൾക്ക് അഞ്ച് കിലോ സൗജന്യ ഭക്ഷ്യധാന്യമാണ് ലഭിക്കുന്നത്. കുടുംബത്തിലെ ഒരംഗം കേരളത്തിൽ നിന്നും വിഹിതം കൈപ്പറ്റിയതിന്റെ പേരിൽ അയാളുടെ കുടുംബത്തിലെ മറ്റംഗംങ്ങളുടെ വിഹിതത്തിൽ കുറവുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ 94 ലക്ഷം കുടുംബങ്ങൾ റേഷൻ കാർഡിന് ഉടമകളാണ്. ഒരാൾക്ക് പോലും റേഷൻ കാർഡെന്ന അവകാശം നിഷേധിക്കില്ല. കഴിഞ്ഞ കോവിഡ് കാലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ എല്ലാവർക്കും സംസ്ഥാന സർക്കാർ സൗജന്യമായി ഭഷ്യധാന്യം നൽകിയെന്നും മന്ത്രി പറഞ്ഞു. റേഷൻ റൈറ്റ് കാർഡ് പദ്ധതിയെക്കുറിച്ച് സുഹൃത്തുകളോടും സഹപ്രവർത്തകരോടും പറയണമെന്നും മന്ത്രി ഇതര സംസ്ഥാന തൊഴിലാളികളോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button