KeralaNews

തൊണ്ടിമുതല്‍ കേസ്‌ :ആന്റണി രാജുവിന് ആശ്വാസം; തൊണ്ടിമുതൽ കേസിലെ വിചാരണയ്ക്കുള്ള സ്റ്റേ ഒരുമാസം കൂടി നീട്ടി

കൊച്ചി: തൊണ്ടിമുതല്‍ കേസില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന് എതിരായ വിചാരണാ നടപടികള്‍ക്കുള്ള സ്‌റ്റേ നീട്ടി. ഒരുമാസത്തേക്ക് കൂടിയാണ് സ്‌റ്റേ നീട്ടിയത്. അതേസമയം, കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജികളെ ആന്റണി രാജു എതിര്‍ത്തു.

തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിക്കാതെയാണ് കുറ്റപത്രം കോടതിയിലെത്തിയത്. അത് സ്വീകരിച്ചത് നിയമവിരുദ്ധമായ നടപടിയാണെന്നാണ് ആന്റണി രാജുവിന്റെ പ്രധാനവാദം. ഇതില്‍ വിശദമായ വാദംകേള്‍ക്കാന്‍ കോടതിക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് കൂടുതല്‍ സമയം ഇപ്പോള്‍ കോടതി അനുവദിച്ചത്. മാത്രമല്ല, ഓണം അവധി വരാനിക്കുകയുമാണ്. അതിനു ശേഷമായിരിക്കും ആന്റണി രാജുവിന്റെ ഹര്‍ജിയില്‍ അന്തിമമമായ വാദം ഹൈക്കോടതിയില്‍ നടക്കുക.

നേരത്തെ ഒരു മാസത്തെ സ്‌റ്റേ ആണ് അനുവദിച്ചിരുന്നത്. അത് ഒരു മാസത്തേക്ക് കൂടി നീട്ടിയാണ് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവായിരിക്കുന്നത്. കേസില്‍ കക്ഷി ചേരാന്‍ ഇന്ന് (വ്യാഴാഴ്ച ) ഒരു മാധ്യമപ്രവര്‍ത്തകന്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ ആന്റണി രാജു എതിര്‍ത്തു. ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ അക്കാര്യം രേഖാപൂര്‍വം അറിയിക്കാന്‍ ആന്റണി രാജുവിന്റെ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. കേസില്‍ ഇപ്പോള്‍ ആരെയും കക്ഷി ചേര്‍ക്കുന്നില്ലെന്നും കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ അന്തിമവാദവേളയില്‍ കേള്‍ക്കാമെന്നും കോടതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button