കൊച്ചി:കടൽക്ഷോഭം നാശം വിതച്ച ചെല്ലാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ജില്ലാ ഭരണകൂടം. പരിസര ശുചീകരണത്തോടൊപ്പം ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയൊരുക്കുന്ന സമഗ്ര പരിപാടികൾ ചെല്ലാനത്ത് നടപ്പിലാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. ശുദ്ധമായ കുടിവെള്ളവും ഭക്ഷണ കിറ്റുകളും ജനങ്ങൾക്ക് കൈമാറും. കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്നതിനായി കളക്ടർ എസ്.സുഹാസിൻ്റെയും കെ.ജെ. മാക്സി എംഎൽഎയുടെയും നേതൃത്വത്തിൽ യോഗം ചേർന്നു.
പ്രദേശത്തെ ഉടൻ തന്നെ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ഡ്രൈവ് നടത്തുമെന്ന് കളക്ടർ അറിയിച്ചു. ആരോഗ്യ പ്രവർത്തകർ ചെല്ലാനത്തെ ഓരോ വീടുകളും സന്ദർശിക്കും. കോവിഡിനെ കൂടാതെ മറ്റ് പകർച്ചാവ്യാധികളെയും തടയുന്നതിനുള്ള നടപടികളായിരിക്കും സ്വീകരിക്കുക.
എലിപ്പനി പോലുള്ള രോഗങ്ങൾ പടരാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കും. എന്തെങ്കിലും രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽകും. 15000 ത്തോളം വീടുകളാണ് ചെല്ലാനം ഗ്രാമ പഞ്ചായത്തിലുള്ളത്. ആശ വർക്കർമാർ ഉൾപ്പടെയുള്ളവരെ ഉൾപ്പെടുത്തി മെഡിക്കൽ ഡ്രൈവ് പൂർത്തിയാക്കുമെന്ന് കളക്ടർ അറിയിച്ചു.
പ്രദേശത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തികൾ നാല് ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും കളക്ടർ പറഞ്ഞു. 12 ജെ.സി.ബികൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. പൊതു ഇടങ്ങൾ കൂടാതെ വീടുകളും വൃത്തിയാക്കും. കൊച്ചി കോർപറേഷൻ്റെ സഹായവും ശുചീകരണ പ്രവർത്തനങ്ങൾക്കുണ്ട്. ഒരു ടൺ ബ്ലീച്ചിംഗ് പൗഡർ കോർപറേഷൻ നൽകും.
ശുചിമുറി വൃത്തിയാക്കുന്നതിനായി കോർപറേഷൻ്റെ വാഹനങ്ങൾ ഉപയോഗിക്കും. സിവിൽ ഡിഫൻസ് വളൻ്റിയേഴ്സ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
ജനങ്ങൾക്ക് കുടിവെള്ളം വാട്ടർ ടാങ്കറുകളിൽ എത്തിക്കും. കോർപറേഷൻ രണ്ട് ടാങ്കറുകൾ ഇതിനായി നൽകും. മത്സ്യതൊഴിലാളികൾക്ക് 5000 ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുമെന്നും കളക്ടർ പറഞ്ഞു. എം.എൽ എ കെ.ജെ. മാക്സി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.