ന്യൂഡല്‍ഹി: സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനര്‍ജിയിലെ ഓഹരികള്‍ സ്വന്തമാക്കാന്‍ റിയലന്‍സ് ഇന്‍ഡസ്ട്രീസ്. നയാര എനര്‍ജിയിലെ ഓഹരികള്‍ വില്‍ക്കാന്‍ റഷ്യന്‍ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റ് ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഈ ഓഹരികള്‍ ഏറ്റെടുക്കുന്നതില്‍ മുകേഷ് അംബാനിയുടെ റിയലന്‍സ് ഇന്‍ഡസ്ട്രീസുമായി റോസ്‌നെഫ്റ്റ് ധാരണയായതാണ് വിവരം. ഉടന്‍ തന്നെ റോസ്‌നെഫ്റ്റിന്റെ ഓഹരികള്‍ റിലയന്‍സ് വാങ്ങിയേക്കും. നയാര എനര്‍ജിയില്‍ 49% ഓഹരികളാണ് റോസ്‌നെഫ്റ്റിനുള്ളത്.
റോസ്‌നെഫ്റ്റിന്റെ നയാരയിലെ മുഴുവന്‍ ഓഹരികളും റിലയന്‍സ് വാങ്ങിയേക്കുമെന്നാണ് വിവരം. ആദ്യ ഘട്ടത്തില്‍ ഓഹരിക്കൈമാറ്റത്തിന് 20 ബില്ല്യണ്‍ ഡോളറാണ് റോസ്‌നെഫ്റ്റ് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ഇത് 17 ബില്ല്യണ്‍ ഡോളറായി ചുരുക്കി. എത്ര തുകയ്ക്കാണ് ഓഹരി കൈമാറുന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഓഹരികള്‍ റിലയന്‍സ് ഏറ്റെടുക്കുകയാണെങ്കില്‍ ഇന്ധനവിതരണ രംഗത്ത് കമ്പനി നടത്തുന്ന വലിയ കുതിച്ചുചാട്ടമാകും. പൊതുമേഖലാ എണ്ണക്കമ്പനികളെ മറികടക്കാനും ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണസംസ്‌കരണ കമ്പനിയായി മാറാനും റിലയന്‍സിന് സാധിക്കും.
നയാരയുടെ ഓഹരി ഏറ്റെടുക്കുന്നതോടെ പ്രതിവര്‍ഷമുള്ള എണ്ണസംസ്‌കരണ ശേഷി 20 മില്ല്യണ്‍ ടണ്‍ കൂടി വര്‍ധിക്കും. അതോടെ 80.7 മില്ല്യണ്‍ ടണ്‍ ശേഷിയുള്ള ഇന്ത്യന്‍ ഓയിലിനെ മറികടക്കാനും റിലയന്‍സിനാകും. നയാരക്ക് രാജ്യത്തൊട്ടാകെ 6750 പെട്രോള്‍ പമ്പുകളാണുള്ളത്. റിലയന്‍സിന് നിലവില്‍ 1700 ഔട്ട്‌ലെറ്റുകളാണുള്ളത്.
കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ നയാരയിലെ ഓഹരികള്‍ വില്‍ക്കാനുള്ള നീക്കം റോസ്‌നെഫ്റ്റ് ആരംഭിച്ചിരുന്നു. യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടികള്‍ക്ക് പിന്നാലെ ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് റോസ്‌ഫെറ്റ് ഓഹരികള്‍ വില്‍ക്കാനുള്ള നീക്കം ആരംഭിച്ചത്. ഉപരോധത്തിന് പിന്നാലെ ലാഭവിഹിതം സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകുന്നതില്‍ തടസ്സം നേരിട്ടിരുന്നു. നയാരയില്‍ ഓഹരികളുള്ള യുസിപി ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ്, ട്രഫിഗര തുടങ്ങിയവരും ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

