തിരുവനന്തപുരം: ലോകായുക്ത വിവാദത്തിൽ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി മുൻമന്ത്രി കെടി ജലീൽ. ജാൻസി ജെയിംസിൻ്റെ നിയമനവും കുഞ്ഞാലിക്കിട്ടിക്കെതിരായ കേസിലെ വിധിയും തമ്മിൽ ബന്ധമില്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള ഉമ്മൻചാണ്ടിയുടെ പ്രതികരണത്തിനെതിരായാണ് കെടി ജലീലിൻ്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. ചാൻസലർ നിയമനത്തിനായി ഡോ ജാൻസി ജെയിംസിന്റെ പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ്താവന സത്യവിരുദ്ധമാണെന്ന് പോസ്റ്റിൽ ജലീൽ ആരോപിക്കുന്നു.
ജാൻസി ജെയിംസിനെ 2004 നവംബറിലാണ് വിസിയായി നിയമിച്ചതെന്നും കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട കോടതിവിധി 2005 ജനുവരിയിലാണ് ഉണ്ടായതെന്നും ഉമ്മൻ ചാണ്ടി ഇന്നലെ പറഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ കേസിൽ വിധി പറഞ്ഞ ബെഞ്ചിൽ ജസ്റ്റിസ് സിറിയക് ജോസഫിനെ കൂടാതെ ജസ്റ്റിസ് സുഭാഷണ് റെഡ്ഡിയും ഉണ്ടായിരുന്നുവെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിലെ ആദ്യത്തെ വനിതാ വിസി എന്ന നിലയിൽ വലിയ സ്വീകാര്യതയാണ് ജാൻസി ജെയിംസിൻ്റെ നിയമനത്തിന് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയ ഉമ്മൻചാണ്ടി അവർ പിന്നീട് കേന്ദ്ര സർവകലാശാല വിസിയായത് അക്കാദമിക് മികവിനുള്ള ഉദാഹരണം കൂടിയാണെന്നും പറഞ്ഞു.
കെ.ടി.ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് –
ഉമ്മൻചാണ്ടി സാറേ കളവ് പറയരുത്…
2004 നവംബർ 15 ന് നടന്ന മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ നിയമനത്തിനായി ഡോ ജാൻസി ജെയിംസിന്റെ പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന്റെ പ്രസ്താവന സത്യവിരുദ്ധമാണ്. സെനറ്റിന്റെ പ്രതിനിധിയായി സെർച്ച് കമ്മിറ്റിയിൽ ഉണ്ടായിരുന്ന അഡ്വ: ഹരികുമാർ നിലവിലെ വൈസ് ചാൻസലറും പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമെല്ലാമായ ഡോ. സിറിയക്ക് തോമസിന് രണ്ടാമൂഴം നൽകണമെന്നാണ് നിർദ്ദേശിച്ചത്. സർക്കാർ പ്രതിനിധി ഡോ. ജാൻസി ജെയിംസിന്റെ പേരും നിർദ്ദേശിച്ചു.
ഒന്നിൽ കൂടുതൽ പേരുണ്ടായാൽ മൂന്ന് പേർ വേണമെന്ന വ്യവസ്ഥ ഉള്ളതിനാൽ മൂന്നാമതായി പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ കൊല്ലത്തുകാരനായ ഒരു പ്രൊഫസറുടെ പേരും ചേർത്ത് മൂന്ന് പേരുടെ പാനലാണ് ചാൻസലർക്ക് നൽകിയത്. ലിസ്റ്റിൽ ഒന്നാം നമ്പറുകാരനായി നിലവിലെ വിസി കൂടിയായ ഡോ. സിറിയക് തോമസിന്റെ പേര് രണ്ടാമതും നിർദ്ദേശിക്കപ്പെട്ടതിനാൽ ചേർക്കണമെന്ന് സെർച്ച് കമ്മിറ്റിയിലെ UGC പ്രതിനിധി ഡോ ജ്ഞാനമാണ് ആവശ്യപ്പെട്ടത്.
അങ്ങിനെ അന്നത്തെ മൂന്ന് പേരുടെ ലിസ്റ്റിൽ എല്ലാം കൊണ്ടും യോഗ്യനായിരുന്ന ഒന്നാം നമ്പറുകാരൻ ഡോ സിറിയക് തോമസിനെ തഴഞ്ഞാണ് ഡോ ജാൻസിയെ എംജി യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസലറായി നിയമിച്ചത്. പിന്നെ UDF നേതാവിന്റെ കേസിന്റെ കാര്യം. ഹൈക്കോടതിയിൽ 22.11.2004 ന് ഫയൽ ചെയ്ത കേസിന് ആധാരമായ സംഭവം നടന്നത് 28.10.2004 നാണ്. വിസി നിയമനം നടന്നത് 15.11.2004 നും. നിയമനം കിട്ടി കൃത്യം എഴുപത്തി രണ്ടാം പക്കമായിരുന്നു ഹൈക്കോടതി വിധി.
UDF ആണല്ലോ? പ്രതിഫലം മുൻകൂർ പറ്റിയില്ലെങ്കിൽ അത് പിന്നെ വായുവാകും എന്ന് ചാണ്ടി സാറിനെയും മറ്റു വിരുതൻമാരെയും നന്നായറിയാവുന്ന “ഏമാന്” ആരെങ്കിലും പറഞ്ഞ് കൊടുക്കണോ?
പിന്നെ ഒരു കാര്യം. ദയവായി എന്നോട് ആരും തർക്കിക്കാൻ വരരുത്. ഇതിൽ എല്ലാ ഗവേഷണവും നടത്തി രേഖകൾ കയ്യിലായ ശേഷമാണ് പടക്കിറങ്ങിയിരിക്കുന്നത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീർ സാഹിബാണ്. ഗവർണ്ണർ ആർഎസ് ഭാട്ടിയാജിയും.
ഡോ. സിറിയക്ക് തോമസിന് നറുക്ക് വീഴുമെന്നായപ്പോൾ ഉമ്മൻചാണ്ടി സാറേ അങ്ങ് നേരിട്ട് സീനിയർ കോൺഗ്രസ് നേതാവായിരുന്ന ഗവർണർ ഭാട്ടിയാജിയെ നേരിൽ പോയി കണ്ട് ഡോ.ജാൻസിക്കായി ചരടുവലി നടത്തിയത് നാട്ടിൽ പാട്ടാണ്.