ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിലെ കോളേജ് കാമ്പസിനുള്ളിൽ കോൺഗ്രസ് കൗൺസിലറുടെ മകളെ മുൻ സഹപാഠി കൊലപ്പെടുത്തി. കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമത്തിൻ്റെ മകൾ നേഹ (23) യാണ് കൊല്ലപ്പെട്ടത്. ബിവിബി കോളേജിലെ ഒന്നാം വർഷ മാസ്റ്റേഴ്സ് ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ) വിദ്യാർത്ഥിനിയായിരുന്നു നേഹ. സംഭവത്തിൽ പ്രതിയായ ഫയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
നേഹയുടെ മുൻ സഹപാഠിയായിരുന്നു 23കാരനായ ഫയാസ്. ഫയാസ് നേഹയെ കത്തികൊണ്ട് പലതവണ കുത്തുന്നതും ഓടിപ്പോകുന്നതും കാമ്പസിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കോളേജ് അധികൃതരും മറ്റ് വിദ്യാർത്ഥികളും ചേർന്ന് നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ബെംഗളൂരു ബെലഗാവി ജില്ലയിലാണ് ഫയാസ് താമസിക്കുന്നത്. ഫയാസിന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പ്രതി നേഹയെ നിരന്തരമായി പിന്തുടരുകയായിരുന്നുവെന്ന് വൃത്തങ്ങൾ പറയുന്നു. ഹുബ്ബള്ളിയിലെ വിദ്യാനഗർ പൊലീസിൻ്റെ സഹായത്തോടെയാണ് പൊലീസ് ഫയാസിനെ പിടികൂടിയത്.
“ഇന്നലെ വൈകിട്ട് 4.45 ഓടെയാണ് സംഭവം നടന്നത്. ബിവിബി കോളേജിൽ എംസിഎ പഠിക്കുന്ന പെൺകുട്ടി നേഹയുടെ മുൻ സഹപാഠി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. 7 തവണയാണ് ഇയാൾ പെൺകുട്ടിയെ കത്തി കൊണ്ട് കുത്തിയത്. ഒരുമിച്ച് പഠിച്ചതിനാൽ പരസ്പരം അറിയാമെന്നാണ് അറിയാവുന്നത്. ചോദ്യം ചെയ്യലിന് ശേഷമേ ഉദ്ദേശം സഹിതം കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.
ഫയാസിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അതേസമയം, നേഹയുടെ കൊലപാതകത്തിൽ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനയായ എബിവിപി പ്രവർത്തകർ റോഡ് ഉപരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ഹിന്ദു അനുകൂല സംഘടനകളും ബിജെപി അനുഭാവികളും വിദ്യാനഗർ പൊലീസ് സ്‌റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.