കൊച്ചി:പുതിയ വീട് ലഭിക്കുന്നതിനായി ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥനയുമായി ആക്ടിവിസ്റ്റും മുന്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരിയുമായ രഹ്ന ഫാത്തിമ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഭ്യർത്ഥനയുമായി എത്തിയത്. എറണാകുളം നഗരപ്രദേശത്തുള്ള ഒരു വീടാണ് തനിക്ക് ആവശ്യമെന്നും ഇവര്‍ പറയുന്നു. തന്റെ പേര് പറഞ്ഞാല്‍ വീട് ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും എന്നാല്‍ അതുകാരണം തന്റെ വ്യക്തിത്വം പണയം വയ്ക്കാന്‍ തയ്യാറല്ലെന്നും രഹ്ന ഫാത്തിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുകയാണ്.
രഹ്നയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു….
എറണാകുളം സിറ്റി പരിസരപ്രദേശത്തു എനിക്കും പങ്കാളി, അമ്മമാര്‍ , അച്ഛന്‍, കുട്ടികള്‍ അടക്കം താമസിക്കാന്‍ 3 ബെഡ്റൂം എങ്കിലും ഉള്ള ഒരു വീട് വാടകക്ക് ആവശ്യമുണ്ട്. അമ്മ ഡയാലിസിസ് പേഷ്യന്റ് ആയതിനാലും സ്റ്റെപ്പ് കയറാന്‍ ബുദ്ധിമുട്ട് ഉള്ളതിനാലും ഗ്രൗണ്ട് ഫ്‌ലോര്‍ ആണ് അഭികാമ്യം.
12 വര്‍ഷമായി താമസിച്ചു വന്നിരുന്ന ബിഎസ്എൻഎൽ കോര്‍ട്ടേഴ്സ് ഒഴിയാന്‍ നോട്ടീസ് കിട്ടിയിരിക്കുകയാണ്. ഈ ആഴ്ചയാണ് അവസാന ഡേറ്റ്. എനിക്ക് എതിരെ എടുക്കപ്പെട്ട കേസുകളും അതിന് മാധ്യമങ്ങളും സര്‍ക്കാരും പൊതു ജനത്തിന് കൊടുത്ത ഇമേജ്ഉം കാരണം എന്റെ പേര് പറഞ്ഞാല്‍ വീട് കിട്ടാത്ത അവസ്ഥയാണ്. വാടക കൃത്യമായി തരുമെന്നും വീട് വൃത്തി ആയി നോക്കുമെന്നും മാത്രമേ എനിക്ക് ഉറപ്പ് നല്‍കാനാകൂ. അല്ലാതെ എന്റെ വ്യക്തിത്വം പണയംവെക്കാന്‍ കഴിയില്ല. എനിക്കും ഫാമിലിക്കും താമസത്തിന് അനുയോജ്യമായ വീട് നിങ്ങളുടെ കെയ്‌റോഫില്‍ ഉണ്ടെങ്കില്‍ അറിയിക്കുക. ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.
ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 18 മാസത്തോളം രഹ്നയെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്ന ബി.എസ്.എന്‍.എല്‍ പിന്നീട് ഇവരെ പിരിച്ചു വിട്ടിരുന്നു. രഹ്ന നഗ്നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ചുവെന്ന കേസിനെ തുടര്‍ന്ന് രഹ്ന ഇപ്പോള്‍ താമസിക്കുന്ന കമ്ബനി ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്നും ബി.എസ്.എന്‍.എല്‍ നിരവധി കത്തുകളിലൂടെ ആവശ്യപ്പെട്ടു
സ്വന്തം നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുകയും അതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് കേസില്‍ രഹ്ന ഫാത്തിമ കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു പൊലീസില്‍ കീഴടങ്ങിയത്. സുപ്രീം കോടതിയും ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലായിരുന്നു രഹ്ന കീഴടങ്ങിയത്.