തിരുവനന്തപുരം: കേരളസര്‍വകലാശാലയില്‍ നടക്കുന്ന വിസി-രജിസ്ട്രാര്‍ ഏറ്റുമുട്ടലുകള്‍ക്കും വിവാദങ്ങള്‍ക്കുമിടെ അവധി അപേക്ഷ നല്‍കി രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍. ജൂലൈ ഒന്‍പത് മുതല്‍ അനിശ്ചിതകാലത്തേക്കാണ് അവധി അപേക്ഷ നല്‍കിയത്. വിദേശപര്യടനം കഴിഞ്ഞ് ബുധനാഴ്ച ചുമതലയേറ്റെടുത്ത വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേലിനാണ് അവധി അപേക്ഷ നല്‍കിയത്.
സസ്‌പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന്റെ അവധി അപേക്ഷയ്ക്ക് എന്തുപ്രസക്തി എന്ന് രേഖപ്പെടുത്തി വിസി ലീവ് അപേക്ഷ നിരസിച്ചു. ഇതോടെ സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വച്ചതിന്റെ പേരില്‍ കേരള സര്‍വകലാശാലയില്‍ തുടങ്ങിയ പോര് പുതിയ തലത്തില്‍ എത്തി നില്‍ക്കുകയാണ്.
തനിക്ക് ശാരീരികാസ്വസ്ഥതയും രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റകുറച്ചിലും ഉള്ളതുകൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരം ജൂലൈ ഒന്‍പത് മുതല്‍ കുറച്ചു നാളത്തെ അവധി വേണമെന്നാണ് വിസിക്ക് മെയിലില്‍ അയച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ അഭാവത്തില്‍ രജിസ്ട്രാറുടെ ചുമതല പരീക്ഷ കണ്‍ട്രോളര്‍ക്കോ കാര്യവട്ടം ക്യാമ്പസ് ജോയിന്റ് രജിസ്ട്രാര്‍ക്കോ നല്‍കണമെന്നും അവധി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് വിസി വ്യക്തമാക്കി. സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കേറ്റിന്റെ സമാന്തരയോഗം നിയമവിരുദ്ധമാണെന്നും അതിലെ തീരുമാനങ്ങള്‍ വിസി അംഗീകരിക്കാത്തതിനാല്‍ നിലനില്‍ക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്നതാണ്. ഓഫീസില്‍ തുടരുന്നത് നിയമവിരുദ്ധമാണ്. പുറത്തുപോവണമെന്നും വിസിയുടെ അനുമതിയില്ലാതെ ഓഫീസില്‍ കടക്കരുതെന്നും അനില്‍കുമാറിനെ അറിയിക്കാന്‍ വിസിയോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നു.


