കൊച്ചി:അന്തരിച്ച സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ( Bipin Rawat ) നിലപാടുകള്‍ക്കെതിരായ പരാമര്‍ശത്തില്‍ കേരള ഹൈക്കോടതി (High Court) പ്ലീഡര്‍ രശ്മിത രാമചന്ദ്രനെതിരെ (Resmitha Ramachandran) പരാതിയുമായി വിമുക്ത ഭടന്മാര്‍. അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പിനാണ് വിമുക്തമ ഭടന്മാര്‍ കത്ത് നല്‍കിയത്. മരണം ആരെയും വിശുദ്ധനാക്കുന്നില്ലെന്ന വാദത്തോടെയായിരുന്നു രശ്മിതയുടെ സമൂഹമാധ്യമങ്ങളിലെ പരാമര്‍ശങ്ങള്‍. എജി രശ്മിതയ്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിമുക്ത ഭടന്മാരുടെ കത്ത്.
കരസേനയില്‍ നിന്ന് വിരമിച്ച ക്യാപ്റ്റന്‍ സുന്ദരന്‍ കെ, രംഗനാഥന്‍ ഡി, വ്യോമ സേനയില്‍ നിന്ന് വിരമിച്ച സാര്ജന്‍റ് സഞ്ജയന്‍ എസ്, സോമശേഖരന്‍ സി ജി എന്നിവരാണ് എജിയെ സമീപിച്ചത്. ബിപിന്‍ റാവത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ രാജ്യമൊന്നായി കേഴുമ്പോഴാണ് സര്‍ക്കാര്‍ പ്ലീഡറുടെ അപമര്യാദാപരമായ പ്രസ്താവനയെന്നാണ് കത്തിലെ പരാമര്‍ശം. ഉത്തരവാദിത്തമുള്ള പദവിയിലുള്ള ജീവനക്കാരിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും എജിക്കുള്ള കത്തില്‍ വിശദമാക്കുന്നു.
ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ രാഷ്ട്രപതിയാണെന്ന സങ്കല്‍പം മറികടന്നാണ് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായിട്ടാണ് റാവത്തിനെ നിയമിച്ചതെന്നും കശ്മീരി പൗരനെ ജീപ്പിന്‍ മുന്നില്‍ കെട്ടിയ ഉദ്യോഗസ്ഥന്‍ മേജര്‍ ലിതുല്‍ ഗൊഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചത് റാവത്താണെന്നും രശ്മിത വിമര്‍ശനമുയര്‍ത്തിയിരുന്നു. സൈനികര്‍ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് റാവത്ത് പറഞ്ഞതായി രശ്മിത കുറിപ്പില്‍ പറഞ്ഞിരുന്നു. സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയില്‍ അദ്ദേഹം പ്രതിലോമകരമായ നിലപാട് സ്വീകരിച്ചെന്നും രശ്മിത പോസ്റ്റില്‍ കുറ്റപ്പെടുത്തിയിരുന്നു. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
ഡിസംബർ 8ന് ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. സംയുക്ത സൈനിക മേധാവിയുടെ സുരക്ഷാഭടൻമാർ അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്.