ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ച അഞ്ച് രോഗികളിൽ സൈറ്റോമെഗലോ വൈറസുമായി (സി.വി.എം) ബന്ധപ്പെട്ട മലാശയ രക്തസ്രാവം കണ്ടെത്തി. ഡൽഹിയലെ ഗംഗാറാം ആശുപത്രിയിലാണ് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് ആദ്യമായിട്ടാണ് കോവിഡ് രോഗികളിലെ ഇങ്ങനെയുള്ള സങ്കീർണ്ണത കണ്ടെത്തുന്നത്. മലദ്വാരത്തിലൂടെ രക്തസ്രാവവും കടുത്ത വയറുവേദനയുമാണ് രോഗികൾക്ക് അനുഭവപ്പെട്ടത്.
രോഗികളിൽ ഒരാൾ രക്തസ്രാവവും കടുത്ത നെഞ്ചുവേദനയേയും തുടർന്ന് മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. കോവിഡിന്റെ രണ്ടാം തംരഗത്തിന് ശേഷം രോഗപ്രതിരോധശശേഷി കുറഞ്ഞ അഞ്ച് കോവിഡ് രോഗികളിൽ സിവിഎം അണുബാധ കണ്ടെത്തിയതായി ഡോക്ടർമാർ പറഞ്ഞു. ‘ഈ രോഗികൾക്ക് വയറുവേദനയും കോവിഡ് ബാധിച്ച ശേഷം 20 മുതൽ 30 ദിവസംവരെ മലാശയത്തിലൂടെ രക്തസ്രാവവും ഉണ്ടായി’ഗംഗാറാം ആ്ശുപത്രി ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
‘ഡൽഹിയിൽ തന്നെയുള്ളവരാണ് ഇവർ. 30 മുതൽ 70 വയസ്സിനിടയിലുള്ളവരിലാണ് ഇത് കണ്ടെത്തിയത്. അഞ്ച് രോഗികളിൽ രണ്ടുപേർക്ക് കടുത്ത രക്തസ്രാവമാണ് ഉണ്ടായത്. ഒരാൾക്ക് ജീവൻ രക്ഷിക്കുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നു. അതിലൂടെ കുടലിന്റെ ഒരു ഭാഗം നീക്കം ചെയ്യപ്പെട്ടു.മറ്റുമൂന്ന് രോഗികൾക്ക് ഗാൻസിക്ലോവിറിനൊപ്പം ആന്റിവൈറൽ തെറാപ്പികൂടി നൽകിയതോടെ കൂടുതൽ ആശങ്കകളുണ്ടായില്ല’ ആശുപത്രിയുടെ പ്രസ്താവനയിൽ വ്യക്തമാക്കി.കോവിഡ് ചികിത്സക്കായി സ്റ്റിറോയിഡുകളടക്കമുള്ള മരുന്നുകൾ ഉപയോഗിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി നഷ്ടമാകുകയും ഇത്തരം അണുബാധകൾക്ക് വരാനിടയാക്കുമെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്.