ന്യൂഡൽഹി: വിവിധ ഉത്തരേന്ത്യൻ നഗരങ്ങളിൽ ശക്തമായ മഴയാണ് ശനി, ഞായർ ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്യുന്നത്. രാജ്യതലസ്ഥാനത്ത് 40 വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവുമുയർന്ന മഴയാണ് കഴിഞ്ഞ രണ്ട് ദിവസമായി പെയ്തിറങ്ങിയത്. ഡൽഹിയിൽ 1982ന് ശേഷം ജൂലൈ മാസത്തിലെ ഒരു ദിവസം പെയ്ത ഏറ്റവും ഉയർന്ന മഴയാണിതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 153 മില്ലിമീറ്റർ മഴയാണ് ഈ ദിവസം രേഖപ്പെടുത്തിയത്.
ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും കനത്ത മഴയിലും ശക്തമായ കാറ്റിനേയും തുടർന്ന് മലയോര സംസ്ഥാനങ്ങളിൽ പലയിടത്തും മണ്ണിടിച്ചിലിൽ ഉരുൾപൊട്ടലിലുമായി 19 പേർ മരിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. പേമാരിയിലും മണ്ണിടിച്ചിലുമായി ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ പല പ്രദേശങ്ങളിലും “കനത്തതോ അതിശക്തമായതോ ആയ” മഴ രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ തുടർച്ചയായി മഴ പെയ്യുന്നു.
ഉത്തർപ്രദേശിലെ മെൻപുരി ജില്ലയിൽ പാടത്ത് പണിയെടുത്തുകൊണ്ടിരിക്കെ മിന്നലേറ്റ് ഒരു സ്ത്രീയടക്കം മൂന്ന് പേർ ശനിയാഴ്ച മരിച്ചിരുന്നു. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജൂലൈ മാസത്തിലെ ആദ്യ എട്ട് ദിവസങ്ങളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും പെയ്ത ശക്തമായ മഴ റിപ്പോർട്ട് ചെയ്തതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇന്നും ഡൽഹിയിൽ മിതമായ മഴയുണ്ടാകുമെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രദേശങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഹിമാചൽ പ്രദേശിലെ എല്ലാ പ്രധാന നദികളും കരകവിഞ്ഞൊഴുകുകയാണ്. ജൂലൈ 9ന് കിന്നൗർ, ലാഹൗൾ, സ്പിതി എന്നീ ആദിവാസി ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ പത്തിലും അതിതീവ്രമായ മഴ ഉണ്ടാകുമെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്.