തിരുവനന്തപുരം:കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം 60 വർഷത്തിനിടെ കേരളത്തിൽ കൂടുതൽ മഴ ലഭിച്ച വർഷമായി 2021. ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് പെയ്തത് 3610.1 മില്ലിമീറ്റർ മഴ. 120 വർഷത്തിനിടെ കൂടുതൽ മഴ രേഖപ്പെടുത്തിയ ആറാമത്തെ വർഷവുമാണ് 2021.
1961-ൽ രേഖപ്പെടുത്തിയ 4257.8 മില്ലിമീറ്റർ മഴയാണ് ഇതുവരെയുള്ള റെക്കോഡ്. 1924-ലും (4226.4), 1933-ലും (4072.9) കേരളത്തിൽ 4000 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചു.
ഇത്തവണ ശൈത്യകാല സീസണിലും തുലാവർഷ സീസണിലും ലഭിച്ച മഴ സർവകാല റെക്കോഡ് മറികടന്നിരുന്നു. വേനൽമഴ സീസണിലും മികച്ച ആറാമത്തെ മഴയെന്ന റെക്കോഡ് സ്ഥാപിച്ചു. ജനുവരി, ഒക്ടോബർ, നവംബർ മാസങ്ങളിലെ മഴയും സർവകാല റെക്കോഡ് തിരുത്തി.
കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ് (4993.9), രണ്ടാമത് കോട്ടയം (4586.8). കുറവ് മഴ പാലക്കാട് (2441.7), തിരുവനന്തപുരം (2793.1) ജില്ലകളിലാണ്. പോയവർഷം 25 ന്യൂനമർദങ്ങൾ രൂപപ്പെട്ടപ്പോൾ അഞ്ചെണ്ണം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു.