തിരുവനന്തപുരം: ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരം നടന്ന ഞായറാഴ്ച സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്പന. ഫൈനല്‍ ദിവസം സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി മാത്രം വിറ്റത് 49.40 കോടി രൂപയുടെ മദ്യം.
ഞായറാഴ്ചകളില്‍ സാധാരണ 35 കോടി രൂപയുടെ വില്പനയാണ് നടക്കാറുള്ളത്. എന്നാല്‍ ഫുട്‌ബോള്‍ ആവേശത്തില്‍ വില്പന കുതിച്ചുയരുകയായിരുന്നു. ഓണം, ക്രിസ്മസ്, പുതുവത്സര ആഘോഷദിനങ്ങളിലാണ് സാധാരണരീതിയില്‍ ബെവ്‌കോയില്‍ 50 കോടിക്കോ അതിനുമുകളിലോ വില്പന നടക്കാറുള്ളത്.
മലപ്പുറം തിരൂരിലെ ഔട്ട്‌ലെറ്റിലാണ് ഫൈനല്‍ദിവസം ഏറ്റവും കൂടുതല്‍ മദ്യവില്പന നടന്നത്. 45 ലക്ഷം രൂപയുടെ മദ്യമാണ് തിരൂരില്‍ മാത്രം വിറ്റുപോയത്. വയനാട് വൈത്തിരി ഔട്ട്‌ലെറ്റാണ് വില്പനയില്‍ രണ്ടാമത്. 43 ലക്ഷം രൂപയുടെ വില്പനയാണ് വൈത്തിരിയില്‍ നടന്നത്. തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്‌ലെറ്റില്‍ 36 ലക്ഷം രൂപയുടെ കച്ചവടവും നടന്നു.