വോട്ടെടുപ്പിൽ തോറ്റു, പുതിയ സിഇഒയെ ഉടൻ പ്രഖ്യാപിക്കാൻ മസ്ക്
ന്യൂയോര്‍ക്ക് : ട്വിറ്റർ വോട്ടെടുപ്പിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ പുതിയ സിഇഒയെ മസ്ക് ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. അടുപ്പക്കാരനെ തന്നെ തലപ്പത്ത് എത്തിക്കാൻ ശ്രമം. ട്വിറ്റർ മേധാവി സ്ഥാനത്ത് നിന്ന് മസ്ക് മാറണമെന്ന് അഭിപ്രായ സർവേയിൽ ആവശ്യപ്പെട്ടത് 57 ശതമാനത്തിലധികം പേരായിരുന്നു. ട്വിറ്റർ മേധാവി സ്ഥാനത്ത് തുടരണോയെന്ന അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്ത 57.5% പേരും മസ്ക് സിഇഒ സ്ഥാനത്ത് നിന്ന് മസ്ക് മാറണമെന്ന് അഭിപ്രായപ്പെട്ടു.
42.5% ഉപഭോക്താക്കൾ മാത്രമാണ് മസ്ക് തുടരണമെന്ന് അഭിപ്രായപ്പെട്ടത്. സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ഇലോൺ മസ്ക് തന്നെയാണ് വോട്ടെടുപ്പ് നടത്തിയത്. ഒരു കോടി 75 ലക്ഷത്തിൽപ്പരം ആളുകളാണ് വോട്ടെടുപ്പിൽ പങ്കാളികളായത്. ആലോചിച്ച് വോട്ട് രേഖപ്പെടുത്തണമെന്നും ഇതിനനുസരിച്ച് ട്വിറ്റർ പോളിസികളിൽ മാറ്റം വരുമെന്നും മസ്ക് ട്വീറ്റ് ചെയ്തിരുന്നു. നേരത്തേയും ട്വിറ്ററിൽ മസ്ക് വോട്ടെടുപ്പ് നടത്തിയിരുന്നു. ട്രംപിന്റെ അക്കൗണ്ട് പുന സ്ഥാപിക്കുന്നതിലും ടിക് വിഷയത്തിലുമാണ് സമാനമായ രീതിയിൽ വോട്ടെടുപ്പ് നടത്തിയത്.
അതേസമയം, മാധ്യമ പ്രവർത്തകരുടെ മരവിപ്പിച്ച അക്കൗണ്ടുകൾ ട്വിറ്റർ പുനർസ്ഥാപിച്ചിരുന്നു. ട്വിറ്റർ നടപടിയിൽ വിമർശനം ശക്തമായതോടെയാണ് അക്കൗണ്ടുകൾ പുനസ്ഥാപിച്ചത്. മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച ട്വിറ്ററിൻ്റെ നടപടിയെ യൂറോപ്യൻ യൂണിയനും ഐക്യരാഷ്ട്ര സഭയും അപലപിച്ചിരുന്നു. ഇത്തരം നടപടികൾ തുടർന്നാൽ ട്വിറ്ററിന് വിലക്കേർപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പും നൽകിയിരുന്നു.
ഇതിന് പിറകെയാണ് മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ പുനസ്ഥാപിക്കുമെന്ന് ഇലോൺ മസ്ക് തന്നെ വ്യക്തമാക്കിയത്. ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ, വാഷിങ്ടൺ പോസ്റ്റ് എന്നീ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. ലൊക്കേഷൻ ഡാറ്റ ലൈവായി ഷെയർ ചെയ്തതിനാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് ട്വിറ്റർ മാനേജ്‌മെൻ്റെ പറയുന്നത്.