യുക്രൈനില്‍ അടിയന്തരാവസ്ഥ,ശുപാർശ നൽകി സുരക്ഷാ കൗണ്‍സില്‍

റഷ്യന്‍ കടന്നു കയറ്റ ഭീതിയിലുള്ള യുക്രൈനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സുരക്ഷാ കൗണ്‍സില്‍ ശുപാര്‍ശ.

സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ദ്ദേശം പാര്‍ലിമെന്റ് അംഗീകരിക്കുന്നതോടെ അടിയന്തരാവസ്ഥ നിലവില്‍ വരും.

റഷ്യ സ്വതന്ത്രമായി പ്രഖ്യാപിച്ച ഡൊണട്‌സ്‌കി, ലുഹാന്‍സ്‌കി പ്രവശ്യകളില്‍ ഒഴികെയുള്ള ഇടങ്ങളിലാണ് നിര്‍ദ്ദേശം നടപ്പിലാവുന്നതോടെ അടിയന്തരാവസ്ഥ നിലവില്‍ വരുക. ഈ മേഖലയില്‍ 2014 മുതല്‍ തന്നെ അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുണ്ട്. തുടക്കത്തില്‍ 30 ദിവസത്തേക്ക് നടപ്പില്‍ വരുന്ന അടിയന്തരാവസ്ഥ പിന്നീട് സാഹചര്യം പരിഗണിച്ച്‌ നീട്ടണോ വേണ്ടയോ എന്ന് തീരുമാനിക്കും.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെങ്കിലും ഏതൊക്കെ മേഖലകളില്‍ ഏത് നിയന്ത്രണം വേണമെന്ന കാര്യം അതാത് മേഖലയിലെ ഭരണകൂടങ്ങള്‍ക്ക് തീരുമാനക്കാം. ഗതാഗത നിയന്ത്രണവും യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കലും ഉള്‍പ്പെടെയുള്ള നടപടികളാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോടെ നിലവില്‍ വരുക.

അതേസമയം, റഷ്യയിലുള്ള തങ്ങളുടെ പൗരന്മാരോട് അടിയന്തരമായി തിരികെ വരാന്‍ യുക്രൈന്‍ നിര്‍ദ്ദേശിച്ചു. യുക്രൈനില്‍ നിന്നും ഇനി ആരും റഷ്യയിലേക്ക് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇതിന് പുറമേ യുക്രൈനിലെ കരുതല്‍ സേനാംഗങ്ങളോട് തയ്യാറായി ഇരിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തിലേറെ കരുതല്‍ സേനാംഗങ്ങള്‍ യുക്രൈനിനുണ്ട്. ആവശ്യമെങ്കില്‍ ആയുധമെടുക്കാനും രാജ്യത്തെ പ്രതിരോധിക്കാനുമാണ് നിര്‍ദ്ദേശം. എട്ടുവര്‍ഷം മുമ്ബ് ക്രിമിയയില്‍ റഷ്യ കടന്നുകയറിയപ്പോഴായിരുന്നു അവസാനമായി യുക്രൈനിന്റെ കരുതല്‍ സേനാംഗങ്ങള്‍ രംഗത്തെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News