KeralaNews

വീടിനുള്ളിലെ അജ്ഞാത ശബ്ദം; പരിശോധനയിലെ കണ്ടെത്തല്‍ ഇങ്ങനെ

കോഴിക്കോട്: പോലൂരിലെ വീടിനുള്ളില്‍ നിന്ന് അജ്ഞാത ശബ്ദം കേള്‍ക്കുന്നത് സോയില്‍ പൈപ്പിങ് കാരണം ആണെന്ന് വിലയിരുത്തല്‍. വീടിരിക്കുന്ന സ്ഥലത്ത് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ സഹായത്തോടെ ഭൗമശാസ്ത്ര പഠനം നടത്തും. വിവിധ ഭാഗങ്ങളില്‍ നിന്ന് വീട് നില്‍ക്കുന്ന പറമ്പിലേക്ക് ഒഴുകിയെത്തുന്ന വെള്ളം തറക്ക് അടിയിലേക്ക് ഒലിച്ചിറങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഭൂമിക്കടിയിലൂടെ വെള്ളം ഒഴുകുകയും മണ്ണൊലിപ്പ് ഉണ്ടാവുകയും ചെയ്യുന്നത് ആവാം ശബ്ദത്തിന് കാരണം എന്ന് നിഗമനം. ഭൗമശാസ്ത്രജ്ഞന്‍ ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കും. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലത്താണോ വീടിന്റെ നിര്‍മ്മാണം എന്നും പരിശോധിച്ചു.

മുഴക്കത്തിന്റെ കാരണം ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. വീട് നില്‍ക്കുന്ന ഭൂമിക്കടിയിലെ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും പുറത്ത് വിടുന്ന മര്‍ദ്ദം, ഖനനം തുടങ്ങിയവാം ശബ്ദം കേള്‍ക്കാനുള്ള മറ്റ് കാരണങ്ങളായി വിലയിരുത്തുന്നത്.പോലൂര്‍ ക്ഷേത്രത്തിന് സമീപം തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലാണ് മുഴക്കം കേള്‍ക്കുന്നത്. രണ്ടാഴ്ചയായി ഇത് തുടരുന്നു.

രണ്ടാം നില നിര്‍മ്മിച്ചതിന് പിന്നാലെ അടുത്തിടെയാണ് വീടിനുള്ളില്‍ ചില അജ്ഞാത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയത്. ആദ്യം തോന്നലാവുമെന്ന് കരുതിയെങ്കിലും പിന്നീട് ശബ്ദം കേള്‍ക്കുന്നത് തോന്നലല്ലെന്ന് വ്യക്തമായി. പരിസരത്തുള്ള മറ്റ് വീടുകളില്‍ ഇത്തരം പ്രതിഭാസമൊന്നും അനുഭവപ്പെടാതിരുന്നതോടെ കുടുംബം ആശങ്കയിലായി.

താഴത്തെ നിലയില്‍ നില്‍ക്കുമ്പോള്‍ മുകളിലെ നിലയില്‍ നിന്നും മുകളിലെ നിലയിലെത്തുമ്പോള്‍ താഴെ നിലയില്‍ നിന്നുമാണ് അജ്ഞാത ശബ്ദം കേള്‍ക്കുന്നത്. ഹാളില്‍ പാത്രത്തിനുള്ളില്‍ വെള്ളം നിറച്ചുവച്ചപ്പോള്‍ പുറത്തേക്ക് ഒഴുകുന്ന അവസ്ഥ കൂടിയായതോടെ ഭീതി പ്രദേശത്തെങ്ങും പരന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button