EntertainmentNewsNews

ദിലീപ് എന്ന് പേര് മാറ്റാനുള്ള കാരണം; ഏഴാം ക്ലാസിൽ തോറ്റപ്പോൾ അച്ഛൻ പറഞ്ഞത്; നടന്റെ വാക്കുകൾ

കൊച്ചി:മലയാള സിനിമയിലെ ജനപ്രിയ നായകനായിരുന്നു ദിലീപ്. കരിയറിൽ തിളങ്ങി നിൽക്കവെ ആണ് ദിലീപ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെടുന്നതും വിവാദത്തിൽ അകപ്പെടുന്നതും. ആറ് വർഷത്തോളമായി ഈ കേസ് നടന്ന് കൊണ്ടിരിക്കുകയാണ്.

കേസിന്റെ നടപടിക്രമങ്ങൾക്കിടെ നടൻ വീണ്ടും സിനിമകളിൽ സജീവമാവുകയാണ്. പറക്കും പപ്പൻ, ബാന്ദ്ര തുടങ്ങിയവ ആണ് നടന്റെ പുതിയതായി പ്രഖ്യാപിക്കപ്പെട്ട സിനിമകൾ.

സൂപ്പർ ഹിറ്റ് കോമഡി സിനിമകളിലൂടെ ദിലീപ് നിരന്തരം ഹിറ്റടിച്ച ഒരു കാലവും മലയാളത്തിൽ ഉണ്ടായിരുന്നു. രാമലീല ആണ് ദിലീപിന്റെ ഒടുവിലത്തെ ബോക്സ് ഓഫീസ് ഹിറ്റ്. ഇതിന് ശേഷം ഒരുപിടി സിനിമകൾ ഇറങ്ങിയെങ്കിലും ഇതിനൊന്നും പ്രേക്ഷക സ്വീകാര്യത ലഭിച്ചില്ല.

ഇപ്പോഴിതാ ദിലീപിന്റെ പഴയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കൈരളി ടിവിയിൽ കോളേജ് വിദ്യാർത്ഥികളുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു ദിലീപ്. തന്റെ പഠന കാലത്തെക്കുറിച്ചാണ് ദിലീപ് സംസാരിക്കുന്നത്.

‘നമ്മളുടെയൊക്കെ മനസ്സിൽ ഓരോ ആ​ഗ്രഹങ്ങൾ ഉണ്ട്. എവിടെയെങ്കിലും എത്തിപ്പെടണമെന്ന്. ഇടയ്ക്ക് വെച്ച് പല പ്രശ്നങ്ങൾ വരും. പക്ഷെ നമ്മളുടെ മനസ്സിൽ ഒരു ആ​ഗ്രഹം ഉണ്ടെങ്കിൽ എന്ത് പ്രശ്നം ഉണ്ടെങ്കിലും ആ ആ​ഗ്രഹത്തെ നശിപ്പിക്കരുത്’

‘ഞാൻ‌ പണ്ട് ഏഴാം ക്ലാസിൽ തോറ്റ ആളാണ്. അന്ന് തോറ്റപ്പോൾ ഞാൻ കരുതി ഇനി ലൈഫിൽ ഞാൻ ജയിക്കുകയേ ഇല്ലെന്ന്. ഞാൻ വിചാരിച്ചു അച്ഛൻ ഭയങ്കരമായി അടിക്കുമെന്ന്. അച്ഛൻ എന്റെ തലയിൽ തലോടിയിട്ട് പറഞ്ഞു’

‘വിഷമിക്കേണ്ട ഒരു പരാജയം വിജയത്തിന്റെ മുന്നോടി ആണെന്ന്. പിന്നെ ഞാൻ ഒരു ക്ലാസിലും തോറ്റിട്ടില്ല. അതൊരു സത്യമായ കാര്യമാണ്. എന്ത് പ്രശ്നം ഉണ്ടായാലും നമ്മൾ പതറരുത്. നമ്മൾ ആ​ഗ്രഹങ്ങൾക്കുള്ള വളമായി അവ​ഗണനകൾ എടുക്കുക’

‘എനിക്ക് ചെറുപ്പം മുതൽ ഏറ്റവും വലിയ ആ​ഗ്രഹം ആയിരുന്നു സിനിമാ നടൻ ആവണമെന്ന്. ഞാൻ പ്രാർ‌ത്ഥിക്കാറുണ്ടായിരുന്നു. ആ​ഗ്രഹങ്ങൾ കുഴിച്ച് മൂടരുത്,’ ദിലീപ് പറഞ്ഞതിങ്ങനെ.

നടൻ സലിം കുമാറും ദിലീപിനൊപ്പം പരിപാടിയിൽ പങ്കെടുത്തിരുന്നു. ദിലീപിന്റെ കമന്റുകളെ സലിം കുമാർ ട്രോളി. ഏഴാം ക്ലാസിൽ മാത്രമല്ല പല ക്ലാസുകളിലും ദിലീപ് തോറ്റിട്ടുണ്ടെന്ന് സലിം കുമാർ പറഞ്ഞു. ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളും പരിപാടിയിൽ നടന്നു.

തന്റെ പേര് ദിലീപ് എന്ന് മാറ്റിയതിനെക്കുറിച്ചും നടൻ സംസാരിച്ചു. ‘ദിലീപ് എന്ന് വീട്ടിൽ വിളിക്കുന്ന പേരായിരുന്നു. മിമിക്രിക്ക് ചെല്ലുമ്പോൾ സ്റ്റേജിലേക്ക് ഓരോരുത്തരെ പരിചയപ്പെടുത്തും. ആലുവ പി ​ഗോപാലകൃഷ്ണൻ എന്നാണ് എന്നെ വിളിച്ചിരുന്നത്. ഭയങ്കര നീട്ടം ആയിരുന്നു. അത് കൊണ്ടാണ് ദിലീപ് എന്നാക്കിയത്’

അടുത്ത സുഹൃത്തുക്കളാണ് ദിലീപും സലിം കുമാറും. രണ്ട് പേരും മിമിക്രി കലാ രം​ഗത്ത് നിന്നാണ് സിനിമയിലേക്ക് കടന്ന് വരുന്നത്. ഓൺസ്ക്രീനിലെ ഹിറ്റ് കോംബോ ആയിരുന്നു ദിലീപും സലിം കുമാറും.

തിളക്കം, കല്യാണ രാമൻ, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളിൽ ഇരുവരുടെയും നിരവധി കോമഡി രം​ഗങ്ങൾ ഹിറ്റായിരുന്നു. ഇരുവരും ഒരുമിച്ച് ഒരു സിനിമയിൽ എത്തിയിട്ട് നാളുകളായി. സിനിമകളിൽ പഴയത് പോലെ സജീവമല്ല സലിം കുമാർ ഇപ്പോൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button