ബാഴ്‌സയെ വീഴ്ത്ത് സീസണിലെ ആദ്യ എല്‍ ക്ലാസികോ റയലിന്
ക്യാംപ് നൂ: സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിന്‍റെ പുഞ്ചിരി. ലാലിഗയില്‍ ബാഴ്‌സലോണയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു സിനദീന്‍ സിദാന്‍റെ പടയാളികള്‍. വാല്‍വര്‍ദെ, റാമോസ്, മോഡ്രിച്ച് എന്നിവരാണ് റയലിനായി വല ചലിപ്പിച്ചത്. ബാഴ്‌സയുടെ മറുപടി കൗമാര വിസ്‌മയം അന്‍സു ഫാറ്റിയുടെ ഒറ്റ ഗോളില്‍ ഒതുങ്ങി. മെസിയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഇറങ്ങിയിട്ടും ബാഴ്‌സ അഭിമാനപ്പോരില്‍ നാണംകെടുകയായിരുന്നു.
ക്യാംപ് നൂവില്‍ വെടിച്ചില്ല് തുടക്കമായിരുന്നു സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയ്‌ക്ക്. ബെന്‍സേമയുടെ പാസില്‍ ആറാം മിനുറ്റില്‍ വാല്‍വര്‍ദെ റയലിനെ മുന്നിലെത്തിച്ചു. എന്നാല്‍ രണ്ട് മിനുറ്റുകളുടെ ഇടവേളയില്‍ ബാഴ്‌സലോണ പകരംവീട്ടി. ആല്‍ബയുടെ ക്രോസില്‍ നിന്ന് 17കാരന്‍ അന്‍സു ഫാറ്റിയുടെ സുന്ദരന്‍ ഫിനിഷിംഗ്. ഈ നൂറ്റാണ്ടില്‍ എല്‍ ക്ലാസിക്കോയില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും അന്‍സുവിന് സ്വന്തം. ഇതോടെ ആദ്യ പകുതി 1-1 എന്ന സ്‌കോറില്‍ പിരിഞ്ഞു.
രണ്ടാംപകുതിയുടെ തുടക്കവും ആവേശമായിരുന്നു. എന്നാല്‍ ഗോള്‍ കാണാന്‍ കഴിഞ്ഞത് 63-ാം മിനുറ്റില്‍. റാമോസിനെ വീഴ്‌ത്തിയതിന് വാറിലൂടെ റയലിന് പെനാല്‍റ്റി. അനായാസം ലക്ഷ്യം കണ്ട റാമോസ് റയലിന് വീണ്ടും ലീഡ് നല്‍കി. ഇരുടീമും ഗോള്‍നേടാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും നീണ്ട കാത്തിരിപ്പ് മാത്രമായി ഫലം. എന്നാല്‍ 90-ാം മിനുറ്റില്‍ റോഡ്രിഗോയുടെ പാസില്‍ അതിവിദഗ്ധമായി മോഡ്രിച്ച് റയലിന്‍റെ സ്‌കോര്‍ 3-1 ആയുയര്‍ത്തി. അഞ്ച് മിനുറ്റ് അധികസമയം കോമാന്‍റെ പടയ്‌ക്ക് മുതലാക്കാനുമായില്ല.
ജയത്തോടെ ലാലിഗയില്‍ ബാഴ്‌സലോണയേക്കാള്‍ ആറ് പോയിന്‍റ് ലീഡ് നേടി റയല്‍. ആറ് കളിയില്‍ നാല് ജയവും 13 പോയിന്‍റുമായി റയല്‍ തലപ്പത്ത് തുടരുകയാണ്. അതേസമയം അഞ്ച് കളിയില്‍ രണ്ട് ജയം മാത്രമുള്ള ബാഴ്‌സലോണ ഏഴ് പോയിന്‍റുമായി 11-ാം സ്ഥാനക്കാരനാണ്.