‘ആത്മാഭിമാനത്തോടെ പ്രതിരോധിക്കാം’; പൗരന്മാര്‍ ആവശ്യപ്പെട്ടാല്‍ ആയുധം തരാമെന്ന് യുക്രൈന്‍ പ്രസിഡന്റ്

റഷ്യയെ പ്രതിരോധിക്കാന്‍ പൗരന്മാര്‍ ആവശ്യപ്പെട്ടാല്‍ ആയുധം തരാമെന്ന് യുക്രൈന്‍ പ്രസിഡന്റ്. ട്വിറ്ററിലാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. ‘രാജ്യത്തെ പ്രതിരോധിക്കാന്‍ തയ്യാറുള്ള എല്ലാ പൗരന്മാര്‍ക്കും ആയുധങ്ങള്‍ നല്‍കാന്‍ തയ്യാറാണ്’ യുക്രൈന്‍ പ്രസിഡന്റ് ട്വീറ്റ് ചെയ്തു.

റഷ്യ യുക്രൈനിൽ ആക്രമണം തുടരുകയാണ്. അതിർത്തിയോട് ചേർന്ന വിവിധ യുക്രൈൻ നഗരങ്ങളിൽ റഷ്യൻ സൈന്യം മിസൈലാക്രമണം നടത്തി. ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളിൽ 40 യുക്രൈൻ സൈനികരും പത്തോളം പൗരൻമാരും കൊല്ലപ്പെട്ടു. യുക്രൈനിന്റെ വ്യോമ പ്രതിരോധ സംവിധാനവും റഷ്യ തകർത്തു.

റഷ്യയ്‌ക്കെതിരെ കനത്ത തിരിച്ചടി നൽകുകയാണ് യുക്രൈനും. റഷ്യൻ സൈന്യത്തിന്റെ ഏഴു വിമാനങ്ങളും ഹെലികോപ്ടറുകളും തകർത്തതായി യുക്രൈൻ അവകാശപ്പെട്ടു. അമ്പതോളം റഷ്യൻ സൈന്യത്തെ വധിച്ചതായും യുക്രൈൻ അറിയിച്ചു. ശാസ്ത്യ പ്രദേശത്ത് വെച്ച് നടന്ന പ്രത്യാക്രമണത്തിലാണ് 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. റഷ്യയ്ക്ക് മുന്നിൽ ആയുധം വെച്ച് കീഴടങ്ങില്ലെന്ന് യുക്രൈൻ പ്രഖ്യാപിച്ചു.

യുക്രൈൻ വിഷയത്തിൽ നേരിട്ട് ഇടപെടില്ലെന്ന് വ്യക്തമാക്കി നാറ്റോ. യുക്രൈന് സഹായവുമായി സൈന്യത്തെ അയക്കില്ലെന്ന് നാറ്റോ തലവൻ ജെൻസ് സ്‌റ്റോൾട്ടൻബർഗ് വ്യക്തമാക്കി. വിഷയം ചർച്ച ചെയ്യാനായി നാളെ വിഡിയോ കോൺഫറൻസ് വഴി അംഗരാജ്യങ്ങളുടെ യോഗം ചേരുമെന്ന് സ്‌റ്റോൾട്ടൻ പറഞ്ഞു. നാറ്റോ സഖ്യകക്ഷികൾക്കു പുറമെ സ്വീഡൻ, ഫിൻലൻഡ് അടക്കമുള്ള രാജ്യങ്ങളും യോഗത്തിൽ പങ്കെടുക്കും.

അതേസമയം, നാറ്റോയുടെ 40,000ഓളം വരുന്ന അതിവേഗ പ്രതിരോധസേനയെ അയക്കുന്ന കാര്യം യോഗത്തിൽ ചർച്ചയാകും. യുക്രൈൻ വിഷയത്തിലെ സൈനിക നടപടിക്കുള്ള ആലോചനയെക്കുറിച്ച് ഇതാദ്യമായാണ് നാറ്റോ പ്രതികരിക്കുന്നത്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് ദീർഘകാലത്തേക്കുള്ള പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് സ്റ്റോൾട്ടൻ പറഞ്ഞു. എല്ലാ വിഷയങ്ങൾക്കും ഇന്ന് മറുപടി നൽകാനാകില്ല. ഇന്ന് കണ്ട അധിനിവേശത്തിനു ശേഷം പുതിയൊരു യൂറോപ്പിനെയാണ് നമ്മൾ കാണാൻ പോകുന്നതെന്നും നാറ്റോ തലവൻ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News