ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവ ജഡേജ സജീവ രാഷ്ട്രീയത്തിലേക്ക്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ റിവ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ബുധനാഴ്ച യോഗം ചേരും.
27 വര്‍ഷമായി ഗുജറാത്തില്‍ അധികാരത്തിലുള്ള പാര്‍ട്ടി, ഇത്തവണ മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി, മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിച്ചേക്കില്ല. 75 വയസ് പിന്നിട്ടവരും എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ ബന്ധുക്കളും അയോഗ്യരാകുമെന്നാണ് വിവരം. വലിയൊരു വിഭാഗം സിറ്റിങ് എം.എല്‍.എമാരും ഇത്തവണ മത്സരിക്കാനുണ്ടാകില്ല.
മെക്കാനിക്കല്‍ എഞ്ചിനീയറായ റിവ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഹരി സിങ് സോളങ്കിയുടെ ബന്ധുകൂടിയാണ്. കോണ്‍ഗ്രസ് വിട്ടെത്തിയ ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍ എന്നിവരും ഇത്തവണ സ്ഥാനാര്‍ഥികളായേക്കും.
പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ അധ്യക്ഷതയിലാകും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനുള്ള യോഗം ചേരുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി എന്നിവര്‍ പങ്കെടുക്കും.