KeralaNews

ഓണക്കാലം; ഈ ദിവസങ്ങളിൽ ബിവറേജുകൾ പ്രവർത്തിക്കില്ല,റേഷൻ കടകൾ നാളെ തുറക്കും

തിരുവനന്തപുരം: സംസ്ഥാനം ഓണാഘോഷത്തിരക്കിലേക്ക് എത്തിയതോടെ അവധി ദിവസങ്ങളും ആരംഭിച്ചെങ്കിലും നാളെ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. ഇതിന് പകരമായി ഓഗസ്റ്റ് 30ന് അവധി നൽകിയിട്ടുണ്ട്. ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാൻ ഞായറാഴ്ചയും റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു.

അടുത്ത ചൊവ്വാഴ്ച (29-08-2023), വ്യാഴാഴ്ച (31-08-2023) ദിവസങ്ങളിൽ സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകൾ പ്രവർത്തിക്കില്ല. 26, 27, 28, 29, 31 തീയതികളിൽ ബാങ്കുകൾ അവധിയാണ്. 27 മുതൽ 31വരെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഒഫീസുകൾക്കും അവധിയാണ്.

സ്കൂളുകൾക്ക് ഇന്നലെ മുതൽ അവധിയാരംഭിച്ചു. സെപ്റ്റംബർ നാലിനാണ് ഓണാവധിക്ക് ശേഷം സ്കൂളുകൾ തുറക്കുക. ഓണക്കിറ്റ് വിതരണം പൂർണതോതിൽ ആരംഭിക്കാത്തതിനാൽ ഞായറാഴ്ചയും റേഷൻ കടകൾ പ്രവർത്തിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

ഓണക്കിറ്റ് വിതരണത്തിൽ ഒരു തരത്തിലുമുള്ള ആശങ്കയും വേണ്ടെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കിയിരുന്നു. ഓണത്തിന് മുൻപ് കിറ്റ് വിതരണം പൂർത്തിയാക്കും. കുറവുള്ള ഇനങ്ങൾ എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നെല്ല് കർഷകർക്കുള്ള സംഭരണ തുക പൂർണമായും കർഷകരുടെ അക്കൗണ്ടിൽ എത്തിയതായും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ എഎവൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് ലഭിക്കുക. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എഎവൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.


തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണിസഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button