തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ ആവശ്യത്തിന് വഴങ്ങി സർക്കാർ. അടുത്ത മാസം മുതൽ റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തിദിനം അവധിയായിരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. റേഷൻ വ്യാപാരി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം.
സംസ്ഥാനത്തെ റേഷൻ കടകൾക്ക് നിലവിൽ ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലും മാത്രമാണ് അവധിയുള്ളത്. റേഷൻ വിതരത്തിലെ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് വ്യാപാരികൾ മാസത്തിലെ ആദ്യ പ്രവൃത്തി ദിവസം അവധിയായി ആവശ്യപ്പെട്ടത്.
ഒരു മാസത്തെ റേഷൻ വിതരണം പൂർത്തിയാക്കി അടുത്ത മാസത്തെ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി റേഷൻ വിഹിതം സംബന്ധിച്ച് ഈ – പോസ് സംവിധാനത്തിൽ ക്രമീകരണം വരുത്തേണ്ടതുണ്ട്. ഇതോടെയാണ് മാസത്തീൽ ആദ്യ പ്രവൃത്തി ദിനം അവധി നൽകണമെന്ന ആവശ്യം വ്യാപാരികൾ സർക്കാരിന് മുന്നിൽ വെച്ചത്.
ഈ – പോസ് സംവിധാനത്തിൽ ക്രമീകരണം വരുത്തേണ്ടതിനാൽ നിലവിൽ മാസത്തെ ആദ്യ പ്രവൃത്തി ദിനം വൈകിട്ടോടെയാണ് റേഷൻ വിതരണം ആരംഭിച്ചിരുന്നത്. സാങ്കേതിക തകരാറിനെ തുടർന്ന് ഒക്ടോബറിലെ റേഷൻ വിതരണം നവംബർ രണ്ടുവരെ നീട്ടിയിരുന്നു. ആധാർ ഒതൻ്റിക്കേഷനിലുണ്ടായ തകരാറിനെത്തുടർന്ന് ചൊവ്വാഴ്ച നാലുമുതൽ സംസ്ഥാനത്തെ റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു.