തിരുവനന്തപുരം:അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശം വയ്ക്കുന്നവര്‍ക്ക് ശിക്ഷാ നടപടികളില്ലാതെ പൊതുവിഭാഗത്തിലേക്ക് മാറാനുള്ള അവസാന തിയതി ഇന്നലെ കഴിഞ്ഞതോടെ റേഷന്‍ കടകളിലേയ്ക്കും വീടുകളിലേയ്ക്കും ഇന്ന് മുതല്‍ സ്‌ക്വാഡുകളെത്തും.താലൂക്ക് സപ്‌ളൈ ഓഫീസില്‍ നിന്നാണ് സ്‌ക്വാഡുകളെ നിയോഗിക്കുക. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുള്ള വീടുകളിലെത്തി പരിശോധന നടത്തി അനര്‍ഹമാണെന്ന് കണ്ടാല്‍ ഉടന്‍ റേഷന്‍ കാര്‍ഡ് പിടിച്ചെടുക്കും. മറ്റ് ശിക്ഷാ നടപടികളിലേക്ക് പെട്ടെന്ന് കടക്കും. റേഷന്‍കടകളില്‍ നിന്ന് മുന്‍ഗണനാ കാര്‍ഡുടമകളുടെ വിവരം ശേഖരിക്കും. വ്യാപക പരിശോധന നടത്താനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശ്രമം.
അര്‍ഹതയുള്ള അനേകം കുടുംബങ്ങള്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡിനായി കാത്തിരിക്കുന്നുണ്ടെന്നും ഒരാള്‍ക്ക് പോലും അധികമായി കാര്‍ഡ് നല്‍കാവുന്ന സ്ഥിതിയല്ലെന്നും കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു.അനര്‍ഹരെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കി കടുത്ത നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സംസ്ഥാനത്ത് അനര്‍ഹമായി കൈവശം വച്ചിരുന്ന കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിന് 90,000 ഓളം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്.
ശിക്ഷകള്‍
അനര്‍ഹരായ വ്യക്തികളില്‍ നിന്ന് മുന്‍ഗണനാ കാര്‍ഡുകള്‍ കണ്ടെത്തിയാല്‍ ഭക്ഷ്യഭദ്രതാ നിയമപ്രകാരം നടപടി.
പിഴ, കാര്‍ഡ് റദ്ദ് ചെയ്യല്‍, ക്രിമിനല്‍ കുറ്റം ചുമത്തല്‍, 2016 നവംബര്‍ മുതല്‍ ഇതുവരെ കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ അധികവില ഈടാക്കല്‍, പിഴ അടയ്ക്കാത്ത പക്ഷം റവന്യൂ റിക്കവറി എന്നിവയുണ്ടാകും
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ, ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍, സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവര്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ വകുപ്പുതല നടപടി
മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയില്ലാത്തവര്‍
സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, ആദായ നികുതി നല്‍കുന്നവര്‍ എന്നിങ്ങനെ പ്രവാസികളടക്കം കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങള്‍ക്കും കൂടി പ്രതിമാസം ഇരുപത്തയ്യായിരം രൂപയോ അതിലധികമോ വരുമാനമുണ്ടെങ്കില്‍, ഒരേക്കറിലധികം ഭൂമി കൈവശമുള്ളവര്‍, ആയിരം ചതുരശ്ര അടിക്ക് മുകളിലുള്ള വീടോ ഫ്‌ളാറ്റോ സ്വന്തമായി ഉള്ളവര്‍, ഏക ഉപജീവനമാര്‍ഗ്ഗമായ ടാക്‌സി ഒഴികെ സ്വന്തമായി നാലു ചക്രവാഹനമുള്ളവര്‍.
അനര്‍ഹര്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥരുടെയും പൊതുപ്രവര്‍ത്തകരുടെയും മാത്രമല്ല പൊതുജനങ്ങളുടേയും സജീവ ഇടപെടല്‍ വേണം. അനര്‍ഹരെക്കുറിച്ചുളള വിവരങ്ങള്‍ താലൂക്ക് സപ്‌ളൈ ഓഫീസില്‍ അറിയിക്കാം. വിവരം അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.