മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിലെത്തുന്ന ഭീഷ്മ പര്‍വത്തിന്റെ ഓരോ അപ്ഡേഷനും പ്രേക്ഷകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ചിത്രത്തിന്റെ ടീസറും, ട്രെയ്ലറും, പാട്ടുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. തിങ്കളാഴ്ച ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങിയിരുന്നു. രതിപുഷ്പം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയില്‍ റംസാനും ഷൈന്‍ ടോം ചാക്കോയുമാണ് എത്തിയത്. സുഷിന്‍ ശ്യാമിന്റെ സംഗീതത്തില്‍ ഉണ്ണി മേനോനാണ് ഗാനം പാടിയത്. 80കളിലേക്ക് തിരികെ കൊണ്ടു പോകുന്ന വരികളും സംഗീതവുമായിരുന്നു പാട്ടിനുണ്ടായിരുന്നത്.
എന്തായാലും ഗാനത്തെ പറ്റി ചൂടേറിയ ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. രതിപുഷ്പം ഗേ ഓറിയന്റാഡോ എന്നാണ് സോഷ്യല്‍ മീഡിയയിലെ മൂവി ഗ്രൂപ്പുകളിലുയരുന്ന ചര്‍ച്ച. ‘രതിപുഷ്പം’ ഒരു ഗേ ഓറിയന്റഡ് ഗാനമായി തോന്നിയെന്ന് പലരും അഭിപ്രായപ്പെടുന്നു. ഷൈന്‍ ടോം ചാക്കോയുടെ അംഗവിക്ഷേപങ്ങളും, ഗാനത്തിന്റെ വരികളും അങ്ങനെയൊരു സൂചന തരുന്നതു പോലെ തോന്നിയെന്നും ചിലര്‍ കുറിക്കുന്നു. ഗേ ഓറിയന്റാണെങ്കില്‍ ഗാനത്തെ അഭിനന്ദിക്കാനും പലരും മറന്നില്ല.
ഇന്നത്തെ മിക്ക സിനിമകളില്‍ സ്ഥിരം കാഴ്ച ആണ് പെണ്‍ശരീരത്തെ കേന്ദ്രീകരിച്ചുള്ള ഐറ്റം ഡാന്‍സെന്നും എന്നാല്‍ സ്ത്രീയെ മാറ്റി പുരുഷനെ കൊണ്ടുവന്നത് അഭിനന്ദനീയമാണെന്നും കമന്റുകളുണ്ട്. മഹാഭാരത കഥയാണ് ഭീഷ്മ പറയുന്നതെങ്കില്‍, ഷൈന്‍ ടോം ചാക്കോ ഗേ ആണെങ്കില്‍, ശിഖണ്ഡിയുടെ റോള്‍ ആവുമോയെന്ന് സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.
എന്നാല്‍ എണ്‍പതുകളില്‍ കമലഹാസനൊക്കെ ചെയ്തത് പോലെ വൈബ് പിടിക്കാന്‍ വേണ്ടി നോക്കിയതാണെന്നും ഗേ ആവാന്‍ സാധ്യതയില്ലെന്നും ചിലര്‍ വാദിക്കുന്നു.
റംസാന്റെ ഡാന്‍സിനായും പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. നേരത്തെ പുറത്ത് വന്ന പറുദീസ എന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു. ശ്രീനാഥ് ഭാസ്, ശ്രിന്ദ, സൗബിന്‍ ഷാഹീര്‍ എന്നിവരെത്തിയ ഗാനം മണിക്കൂറുകള്‍ക്കകം ട്രെന്‍ഡിംഗ് നമ്പര്‍ വണ്ണിലെത്തിയിരുന്നു.
ഗാനം പുറത്ത് വന്നതിന് പിന്നാലെ 80ളിലെ പോപ്പുലര്‍ ബാന്‍ഡായ എ.ഡി 13യും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മാര്‍ച്ച് മൂന്നിനാണ് ഭീഷ്മ പര്‍വം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ടൊവിനോ തോമസിന്റെ നാരദനും ദുല്‍ഖര്‍ സല്‍മാന്റെ ഹേ സിനാമികയും ആണ് ഭീഷ്മ പര്‍വത്തിനൊപ്പം ക്ലാഷ് റിലീസിനെത്തുന്നത്.