തൃശൂര്‍: ജാനകിയുടെയും നവീനിന്റെയും റാസ്പുടിന് ഡാന്‍സ് കേരളത്തില്‍ ഉണ്ടാക്കിയ ഓളം ചെറുതല്ല. എന്നാല്‍ ബിബിസി തയ്യാറാക്കിയ കഴിഞ്ഞ വര്‍ഷം വൈറലായ വീഡിയോകളുടെ പട്ടികയില്‍ ഇവരുടെ റാസ്പുടിന് ചലഞ്ച് വിഡിയോയും ഇടംപിടിച്ചിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളാണ് ജാനകി ഓംകുമാറും നവീന്‍ കെ റസാഖും.
കേന്ദ്ര ആരോഗ്യമന്ത്രി ആദ്യ കോവിഡ് വാക്സീന് സ്വീകരിക്കുന്നതും ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയുടെ പ്രകടനവുമൊക്കെയാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു വിഡിയോകള്‍. 2021 ഏപ്രിലിലാണ് ഇരുവരും റാ റാ റാസ്പടിന് എന്ന ഗാനത്തിന് കിടിലന്‍ ചുവടുകളുമായി നൃത്തം വെച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തതോടെ ഡാന്‍സ് വൈറലായി. പഠനത്തിരക്കുകള്‍ക്കിടയില്‍ ലഭിച്ച ഒഴിവ് സമയത്താണ് ഇരുവരും ഈ വീഡിയോ ചെയ്തത്.
കോളേജിന്റെ ഒഴിഞ്ഞ വരാന്തയില്‍ നീല യൂണിഫോം ധരിച്ച് ഇവര്‍ വെച്ച ചുവടുകള്‍ എല്ലാവര്ക്കും പ്രിയപ്പെട്ടതായി. കോടികണക്കിന് പേരാണ് വീഡിയോ കണ്ടത്. വീഡിയോ വൈറലാകുന്നതിനൊപ്പം തന്നെ ഈ വീഡിയോയെ കുറിച്ചുള്ള വര്‍ഗീയ വിദ്വേഷം കലര്‍ന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പല വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചു. ഇരുവരുടെയും മതങ്ങളെ കുറിച്ച് പറഞ്ഞായിരുന്നു പോസ്റ്റ്.
അതിനെയും നവീനും ജാനകിയും ഒറ്റക്കെട്ടായി നേരിട്ടു. ഇവര്‍ക്ക് പിന്തുണയുമായി നിരവധി പേര് റാസ്പുടിന് ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തുകയും ചെയ്തു. ഈ വിഡിയോ ആണ് ഇപ്പോള്‍ ബിബിസി വൈറല്‍ വിഡിയോ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.