രശ്മിക മന്ദാനയുടെ ഡീപ് ഫേക് വീഡിയോ വീണ്ടും; വൈറൽ,വിവാദം
ഹൈദരാബാദ് : കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ തെന്നിന്ത്യൻ താരം രശ്മിക മന്ദാനയുടെ ഡിപ് ഫേക്ക് വീഡിയോ പ്രചരിച്ചതിന്റെ വിവാദത്തിന്റെ അലയൊലികൾ മാറും മുമ്പ് താരത്തിന്റെ പുതിയ ഫേക്ക് വീഡിയോ പ്രത്യക്ഷപ്പെട്ടു. ഒറ്റനോട്ടത്തിൽ രശ്മികയാണെന്ന് തോന്നിക്കുന്ന വീഡിയോയിൽ താരം ഒരു കറുത്ത വസ്ത്രത്തിലാണ് എത്തിയിരിക്കുന്നത്.
മറ്റൊരു പെൺകുട്ടിയുടെ മുഖത്ത് രശ്മികയുടെ മുഖം മോർഫ് ചെയ്ത രീതിയിലാണ് വീഡിയോ. ക്രഷ്‌മിക എന്ന പേരിലുള്ള രശ്മികയുടെ ഫാൻ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്ന്. എന്നാൽ ആദ്യത്തേതു പോലെ അശ്ലീലമല്ല വീഡിയോ എന്നതാണ് ആശ്വാസം നൽകുന്ന ഘടകം.
രശ്മികയുടേതെന്ന പേരിൽ ആദ്യം പ്രചരിച്ച ഡീപ് ഫേക്ക് വീഡിയോ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. കറുത്ത വസ്ത്രം ധരിച്ച സ്ത്രീ ലിഫ്ടിലേക്ക് ഓടിക്കയറുന്ന രീതിയിലായിരുന്നു വീഡിയോ. ബ്രിട്ടീഷ് ഇന്ത്യൻ യുവതിയായ സാറാ പട്ടേൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ രശ്മികയുടെ മുഖം മോർഫ് ചെയ്ത് ചേർക്കുകയായിരുന്നു.
ഇത്തരം വീഡിയോകൾക്കെതിരെ ആശങ്കയറിയിച്ച് അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറും വീഡിയോക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്.