സിനിമ കാണുന്നതിനിടെ തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിച്ച് സൽമാൻ ആരാധകർ; താരത്തിന്റെ പ്രതികരണം
മുംബൈ:സൽമാൻ ഖാൻ നായകനായ ‘ടെെഗർ 3’ എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. കത്രീന കെെഫ് നായികയായ ചിത്രം മനീഷ് ശർമയാണ് സംവിധാനം ചെയ്തത്. ഇന്നലെ ചിത്രത്തിന്റെ ഷോയ്ക്കിടെ ആരാധകർ തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിച്ചിരുന്നു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ മാലേഗാവിലെ മോഹൻ സിനിമാസ് എന്ന തിയേറ്ററിലാണ് സംഭവം നടക്കുന്നത്.
ഇതിന്റെ വീഡിയോ വലിയ രീതിയിൽ പ്രചരിക്കുകയും ചർച്ചയാകുകയും ചെയ്തു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സൽമാൻ ഖാൻ. തന്റെ എക്സ് പേജിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.
This is dangerous..pic.twitter.com/tj0fqXyVE4
— Gargi (@Gargijii) November 13, 2023
‘ടെെഗർ 3 സിനിമയുടെ പ്രദർശനത്തിനിടെ തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിച്ചതിനെക്കുറിച്ച് ഞാൻ കേട്ടു. ഇത് വളരെ അപകടകരമായ കാര്യമാണ്. മറ്റുള്ളവരെയും നമ്മെയും അപകടത്തിലാക്കാതെ സിനിമ ആസ്വദിക്കുക. സുരക്ഷിതമായിരിക്കുക.’എന്നാണ് അദ്ദേഹം കുറിച്ചത്.
അതേസമയം, വെെ ആർ എഫ് സ്പെെ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമാണ് ടെെഗർ 3. ചിത്രം ആദ്യ ദിനത്തിൽ തന്നെ ഇന്ത്യൻ ബോക്സോഫീസിൽ 44.50 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ഇന്ത്യയിൽ 5,500 സക്രീനിലും വിദേശത്ത് 3400 സ്ക്രീനിലുമാണ് ടെെഗർ 3 റിലീസ് ചെയ്തത്.