CrimeFeaturedNationalNews

ലജ്ജിക്കുക രാജ്യമേ.. യു.പിയില്‍ വീണ്ടും ക്രൂരപീഡനം; 22കാരിയായ ദളിത് പെണ്‍കുട്ടി മരിച്ചു

ലക്‌നൗ: ഹത്രാസില്‍ ക്രൂപീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ച സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മാറുന്നതിന് മുമ്പേ വീണ്ടും യു.പിയില്‍ നിന്ന് സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നു. ബല്‍റാംപൂരില്‍ ക്രൂരപീഡനത്തിന് ഇരയായ 22കാരിയായ ദളിത് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. ബുധനാഴ്ചയാണ് പെണ്‍കുട്ടി മരിച്ചത്.

ചൊവ്വാഴ്ച കോളജില്‍ അഡ്മിഷനു വേണ്ടി പോയ പെണ്‍കുട്ടി വൈകുന്നേരമായിട്ടും വീട്ടില്‍ മടങ്ങിയെത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പെണ്‍കുട്ടിക്കായി തെരച്ചില്‍ ആരംഭിച്ചു. ഈ സമയം അവശനിലയില്‍ പെണ്‍കുട്ടി കൈയില്‍ ഡ്രിപ്പിട്ട് ഓട്ടോ റിക്ഷയില്‍ വീട്ടിലെത്തി. ബന്ധുക്കള്‍ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ശരീരത്തിലേറ്റ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ കൈകളും ഇടുപ്പും തകര്‍ന്ന നിലയിലായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. സംഭവത്തില്‍ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുടെ മരണകാരണം പീഡനമാണെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പരിക്കുകളില്ലെന്നും പോലീസ് അവകാശപ്പെടുന്നു.

തന്റെ മകള്‍ക്ക് പ്രതികള്‍ മയക്കു മരുന്ന് നല്‍കിയെന്നും വീട്ടിലെത്തിയ സമയം മകളുടെ ബോധം നഷ്ടമായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. പെണ്‍കുട്ടിയുടെ കാലുകളും നടുവും പ്രതികള്‍ ഒടിച്ചുവെന്നും അവള്‍ക്ക് നേരെ നില്‍ക്കുവാനോ സംസാരിക്കുവാനോ സാധിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍ തന്നെ രക്ഷിക്കണമെന്നും എനിക്ക് ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞതായും അമ്മ പറഞ്ഞു. പെണ്‍കുട്ടിയെ ആദ്യം സമീപത്തെ ഒരു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ പരിക്കുകള്‍ ഗുരുതരമായതിനെ തുടര്‍ന്ന് ലക്നോവിലെ ആശുപത്രിയിലേക്കു മാറ്റാന്‍ തീരുമാനിച്ചു. എന്നാല്‍ യാത്രാമധ്യേ ബല്‍റാംപുരില്‍ വച്ച് പെണ്‍കുട്ടി മരിക്കുകയായിരുന്നു.

അതേസമയം, ഉത്തര്‍പ്രദേശില്‍ മറ്റൊരു പെണ്‍കുട്ടി കൂടി ബലാത്സംഗത്തിനിരയായി. അസംഗഢില്‍ എട്ടുവയസുകാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ 20 വയസ്സുകാരനായ ഡാനിഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

കുട്ടിയെ കുളിക്കാന്‍ കൊണ്ടുപോകുകയാണെന്ന് പറഞ്ഞാണ് അയല്‍വാസിയായ ഇയാള്‍ കൊണ്ടുപോയത്. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടിക്ക് സ്വകാര്യഭാഗങ്ങളില്‍ വേദനയുണ്ടാകുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker