ഗോവിന്ദച്ചാമി ജയിൽ ചാടി

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ബലാത്സം​ഗ കൊലപാതക കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽനിന്നാണ് ഇയാൾ രക്ഷപ്പെട്ടത്.2016-ൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി ഹൈക്കോടതിയുടെ വധശിക്ഷാ വിധി റദ്ദാക്കിയത്. ബലാത്സംഗം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ഹൈക്കോടതി നൽകിയ ജീവപര്യന്തം ശിക്ഷയും മറ്റു വകുപ്പുകൾ പ്രകാരം നൽകിയ ശിക്ഷകളും നിലനിൽക്കുമെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ട്രെയിനിൽ നിന്ന് വീണപ്പോൾ തലയിലേറ്റ ക്ഷതമാണ് മരണകാരണമായത്. എന്നാൽ ട്രെയിനിൽനിന്ന് പെൺകുട്ടി സ്വയം ചാടിയതാണോ ഗോവിന്ദച്ചാമി തള്ളിയിട്ടതാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തിൽ സംശയത്തിന്റെ ആനുകൂല്യം നൽകി കൊലപാതകക്കുറ്റവും അതിന് നൽകിയ വധശിക്ഷയും കോടതി ഒഴിവാക്കുകയായിരുന്നു.

വധശിക്ഷ നൽകിയ തൃശ്ശൂർ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഗോവിന്ദച്ചാമി നൽകിയ ഹർജിയിലാണ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന്റെ വിധി. ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് പെൺകുട്ടിയെ തള്ളിയിടാൻ സാധിക്കുമോയെയെന്ന് വാദത്തിനിടെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നിരുന്നു. തൃശ്ശൂർ അതിവേഗ കോടതിയാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. ഇതിനു പുറമെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. വിധി ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തിരുന്നു.

2011 ഫിബ്രവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഇരുപത്തിമൂന്നുകാരിയായ ജീവനക്കാരി ക്രൂര പീഡനത്തിന് ഇരയായത്. ഫിബ്രവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളേജിൽവച്ച് പെൺകുട്ടി മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News