ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാറായി; 99% ഇന്ത്യൻ ഉത്പന്നങ്ങൾക്കും നികുതിയില്ല

ന്യൂഡല്‍ഹി: മൂന്നുവര്‍ഷംനീണ്ട ഉഭയകക്ഷിചര്‍ച്ചകള്‍ക്കും നയതന്ത്ര വിലപേശലുകള്‍ക്കുംശേഷം ഇന്ത്യയും ബ്രിട്ടനും (യുകെ) തമ്മില്‍ സ്വതന്ത്ര വ്യാപാരക്കരാറായി. ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 2022-ല്‍ ആരംഭിച്ച കരാര്‍ ചര്‍ച്ചകള്‍ കഴിഞ്ഞ മേയിലാണ് അവസാനിച്ചത്. ഇതോടൊപ്പം അടുത്ത പത്തുവര്‍ഷം സമഗ്ര പങ്കാളിത്തക്കരാര്‍ നടപ്പാക്കുന്നതിനുള്ള വിഷന്‍ 2035 എന്ന ദര്‍ശനരേഖയും ലണ്ടനില്‍ പുറത്തിറക്കി.

നികുതി ഒഴിവാകുന്നവ

ഇന്ത്യയില്‍നിന്നുള്ള തുണിത്തരങ്ങള്‍, ചെരിപ്പ്, രത്‌നങ്ങള്‍, ആഭരണങ്ങള്‍, വാഹനഘടകങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, കാപ്പി, തേയില, സുഗന്ധവ്യഞ്ജനം എന്നിവയ്ക്ക് ബ്രിട്ടനില്‍ പൂര്‍ണമായും നികുതിയൊഴിവാകും. ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യുന്ന 90 ശതമാനം ബ്രിട്ടീഷ് ഉത്പന്നങ്ങളുടെയും തീരുവകുറയും.

ബ്രിട്ടീഷ് ഉത്പന്നങ്ങളുടെ ഇന്ത്യയിലെ ശരാശരി 15 ശതമാനം തീരുവ മൂന്നുശതമാനമാകും. ബ്രിട്ടനില്‍നിന്ന് ഇറക്കുമതിചെയ്യുന്ന കാറുകളുടെ തീരുവ നിലവിലെ 100 ശതമാനത്തില്‍നിന്ന് 10 ശതമാനമായി കുറയ്ക്കും. കുറഞ്ഞ എണ്ണം കാറുകള്‍ ഇറക്കുമതിചെയ്യുന്ന ബ്രാന്‍ഡുകള്‍ക്കാണ് ഇളവ്. പകരമായി ഇന്ത്യയുടെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനനിര്‍മാതാക്കള്‍ക്ക് ബ്രിട്ടീഷ് വിപണിയില്‍ പ്രവേശനംലഭിക്കും.

സ്വതന്ത്രവ്യാപാരക്കരാറിലൂടെ ഉത്പന്നങ്ങള്‍ക്ക് വിപണിയുടെ വാതില്‍തുറക്കുകയാണ് ഇന്ത്യയും യുകെയും.

ഡ്യൂട്ടി ഫ്രീ ബ്രിട്ടന്‍

99 ശതമാനം ഇന്ത്യന്‍ ഉത്പന്നങ്ങളും നികുതിയില്ലാതെ (ഡ്യൂട്ടി ഫ്രീ) ബ്രിട്ടീഷ് വിപണിയിലെത്തും. ഫലത്തില്‍ 100 ശതമാനത്തോളം വ്യാപാരമൂല്യമുണ്ടാകും. 90 ശതമാനം ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയിലും നികുതികുറയും. യുകെ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയിലുള്ള നികുതി ശരാശരി 15 ശതമാനത്തില്‍നിന്ന് മൂന്നുശതമാനമായി കുറയും. ഇതിലൂടെ ഉഭയകക്ഷിവ്യാപാരം 5600 കോടി ഡോളറില്‍നിന്ന് 2030-ഓടെ 12,000 കോടി ഡോളറാക്കുകയാണ് (10.36 ലക്ഷം കോടി) ലക്ഷ്യം.

ക്ഷീരോത്പന്നങ്ങള്‍, ആപ്പിള്‍, ഓട്സ്, ഭക്ഷ്യ എണ്ണ എന്നിവയെ കരാറില്‍ ഉള്‍പ്പെടുത്തിയില്ല.

പ്രധാന നിര്‍ദേശങ്ങള്‍

* ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് യുകെയിലുള്ള 8-12 ശതമാനം ഇറക്കുമതി നികുതി നീക്കും.

*സ്വര്‍ണം-ഡയമണ്ട് ആഭരണങ്ങള്‍ക്കും തുകല്‍ ഉത്പന്നങ്ങള്‍ക്കും യുകെയില്‍ നികുതിയില്ല

* ആറ് ബ്രിട്ടീഷ് സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസ് തുറക്കും.

* ബ്രിട്ടനില്‍നിന്നുള്ള സ്‌കോച്ച് വിസ്‌കിയും ജിന്നും 150 ശതമാനം മുതല്‍ 75 ശതമാനംവരെ നികുതിനല്‍കുന്നത് 10 വര്‍ഷംകൊണ്ട് 40 ശതമാനമായി കുറയ്ക്കും.

* യുകെ നിര്‍മിത ആഡംബരവാഹനങ്ങള്‍ക്ക് 100 ശതമാനത്തിന് മുകളിലുള്ള നികുതി 10 ശതമാനമായി കുറയ്ക്കും.

* മൂന്നുവര്‍ഷത്തേക്കുവരെ യുകെയിലെത്തുന്ന ഇന്ത്യക്കാരായ തൊഴിലാളികള്‍ക്കും കരാര്‍ ജീവനക്കാര്‍ക്കും സാമൂഹികസുരക്ഷാ സംഭാവന നല്‍കുന്നതില്‍ ഇളവ്

* കരാറുകള്‍ ഏറ്റെടുക്കാന്‍ ബ്രിട്ടീഷ് കമ്പനികള്‍ക്ക് അവസരം

* ബിരുദങ്ങള്‍ അംഗീകരിക്കും. വിസാ ചട്ടങ്ങളില്‍ ഇളവുനല്‍കും

* ഇന്ത്യയില്‍ ഹരിത ഊര്‍ജരംഗത്ത് സോളാര്‍, ഹൈഡ്രജന്‍, ഇവി പദ്ധതികളില്‍ കൂടുതല്‍ യുകെ നിക്ഷേപം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News