കൊച്ചി: ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം നല്കിയതിനെതിരെ അപ്പീൽ നൽകുമെന്ന് പരാതിക്കാരി. കോടതിയിലും പൊലീസിലും പൂർണ്ണ വിശ്വാസമുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. താൻ ക്രിമിനലാണെന്ന് പറയുന്ന എംഎൽഎ തനിക്കൊപ്പം എന്തിന് കൂട്ടുകൂടി. തനിക്കെതിരെ സ്വഭാവദൂഷ്യം ആരോപിക്കുന്ന കുന്നപ്പിള്ളിയുടെ സ്വഭാവമെന്തെന്ന് തുറന്നുകാട്ടുമെന്നും പരാതിക്കാരി പറഞ്ഞു.
ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് ഉപാധികളോടെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എൽദോസ് നവംബർ ഒന്നിന് മുൻപായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുന്നതടക്കം 11 കർശന ഉപാധികളോടെയാണ് ജാമ്യം. ഫോണും പാസ്പോർട്ടും സറണ്ടർ ചെയ്യണം. രാജ്യം വിടരുത്. അഞ്ചുലക്ഷം രൂപയോ തത്തുല്യമായ രണ്ട് ആൾ ജാമ്യമോ എടുക്കണം. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനോ ഇരയെ ഭീഷണിപ്പെടുത്താനോ പാടില്ല. മറ്റന്നാൾ മുതൽ നവംബർ 1 വരെയുള്ള സമയത്തിനിടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. ഇതോടെ എംഎൽഎ 11 ദിവസത്തിന് ശേഷം ഒളിവിൽ നിന്ന് പുറത്തുവരുമെന്നുറപ്പായി.
ബലാത്സംഗം നടന്നതായി പറയുന്ന സമയത്തിന് ശേഷം നൽകിയ പരാതിയിലും മൊഴിയിലും ഡോക്ടർക്ക് മുന്നിലും ഇക്കാര്യം പരാതിക്കാരി ഉന്നയിച്ചില്ലെന്നത് കോടതിക്ക് മുന്നിലെത്തി. എൽദോസുമായി വിവാഹം സാധ്യമല്ലെന്ന് വ്യക്തമായി അറിയാമായിരുന്നു. ഇരുവരും തമ്മിൽ ഗാഢബന്ധമുണ്ടായിരുന്നതിന് തെളിവായുള്ള ചാറ്റുകളും കോടതിക്ക് മുന്നിലെത്തി.
കുറ്റാരോപിതൻ എംഎൽഎ ആണെന്നതും കണക്കിലെടുത്തു. മുൻകാല ക്രിമിനൽ പശ്ചാത്തലമില്ല. വധശ്രമം അടക്കം അധിക കുറ്റം ചുമത്തിയത് ഈഘട്ടത്തിൽ കോടതി പരിഗണിച്ചില്ല. കോടതി വിധി പറയുന്ന സമയത്ത്, പരാതിക്കാരിയായ യുവതിയുമായി പെരുമ്പാവൂരിലെ എംഎൽഎയുടെ വീട്ടിൽ തെളിവെടുപ്പ് നടക്കുകയായിരുന്നു.
എൽദോസിനെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരി എന്ന പേരിൽ തന്റെ ചിത്രം പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തുന്നു എന്നാരോപിച്ച് യുവനടി പൊലീസിൽ പരാതി നൽകി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസും സൈബർ സെല്ലും അന്വേഷണം തുടങ്ങി.
നടിയുടെ ചിത്രം വാട്സ് ആപ് അടക്കമുള്ള സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപെടുത്തുന്നുവെന്നാണ് ആരോപണം. ഇത്തരം അക്കൗണ്ടുകൾ നിരീക്ഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാലാരവട്ടം പൊലീസ് വ്യക്തമാക്കി.