തൃശൂർ: വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 50 വർഷം ശിക്ഷ വിധിച്ച് കോടതി. തൃശൂരിലെ പോക്സോ കേസിലാണ് കോടതി പ്രതിയെ 50 വർഷം കഠിന തടവിന് ശിക്ഷിച്ചത്. ശിക്ഷ മാത്രമല്ല പ്രതി അറുപതിനായിരം രൂപ പിഴയും ഒടുക്കണമെന്നാണ് വിധിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ. സംഭവം നാല് വർഷങ്ങൾക്ക് ശേഷമാണ് കോടതി വിധിയുണ്ടായത്. 2018 ഫെബ്രുവരി മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ആരും ഇല്ലാത്ത സമയം നോക്കി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു.
തൃശൂർ കുന്നംകുളം പോർക്കളം സ്വദേശി സായൂജാണ് കേസിലെ പ്രതി. ബലാത്സംഗം നടന്ന വിവരം വീട്ടുകാർ ആദ്യം അറിഞ്ഞിരുന്നില്ല. ഭയം കാരണം പെൺകുട്ടി ആരോടും ഇക്കാര്യം പറഞ്ഞില്ല. എന്നാൽ പ്രതി സായൂജ് കുട്ടിയെ വീണ്ടും ഭീഷണിപ്പെടുത്താൻ തുടങ്ങി. ഭീഷണി സഹിക്കാതായപ്പോൾ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. കയ്യിലെ ഞരമ്പ് മുറിച്ചായിരുന്നു കുട്ടിയുടെ ആത്മഹത്യ ശ്രമം. എന്നാൽ ഇത് പരാജയപ്പെട്ടതോടെ വീട്ടുകാരോട് നടന്ന കാര്യങ്ങൾ പെൺകുട്ടി പറഞ്ഞു.
സംഭവമറിഞ്ഞ വീട്ടുകാർ ഉടൻ തന്നെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. കേസന്വേഷിച്ച കുന്നംകുളം പൊലീസ് പ്രതി സൂരജിനെ അറസ്റ്റ് ചെയ്തു. കേസിൽ കുറ്റപത്രം സമർപ്പിച്ച് വാദങ്ങൾ പൂർത്തിയായതോടെയാണ് ഇന്ന് കോടതി വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എസ് ബിനോയ് ആണ് ഹാജരായത്. കേസിൽ 19 സാക്ഷികളെയാണ് വിസ്തരിച്ചത്.
20 നിർണായക രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്ത പൊലീസ് ശാസ്ത്രീയ തെളിവുകളടക്കം കോടതിയിൽ സമർപ്പിച്ചിരുന്നു. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ഇന്ന് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലാണ് 50 വർഷത്തെ ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ പത്തു കൊല്ലത്തിലേറെ പ്രതി ജയിലില്‍ കഴിയേണ്ടിവരും.