NationalNews

സ്വന്തം ഇഷ്ടപ്രകാരം ദീർഘനാൾ കഴിഞ്ഞതിന് ശേഷം ബന്ധം പിരിയുമ്പോൾ ബലാത്സംഗകുറ്റം ചുമത്താനാവില്ല; സുപ്രീംകോടതി

ന്യൂഡൽഹി: പുരുഷനൊപ്പം സ്വന്തം ഇഷ്ടപ്രകാരം ദീർഘകാലം കഴിഞ്ഞതിന് ശേഷം ബന്ധം മുറിയുമ്പോൾ ബലാത്സംഗക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീംകോടതി. വിവാഹിതരാകാതെ ഏറെക്കാലം ഒന്നിച്ചുകഴിഞ്ഞ് കുഞ്ഞ് ആയതിന് ശേഷം ബന്ധം പിരിഞ്ഞപ്പോൾ സ്ത്രീ നൽകിയ പരാതിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

പരാതിക്കാരി സ്വന്തം ഇഷ്ടപ്രകാരമാണ് പ്രതിയോടൊപ്പം കഴിഞ്ഞതെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ബന്ധം വഷളായപ്പോൾ ബലാത്സംഗപരാതി നൽകാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്‌ത, വിക്രം നാഥ് എന്നിവരുടെ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിയുടെ മുൻകൂർ ജാമ്യഹർജി തള്ളിയ രാജസ്ഥാൻ ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.വിവാഹവാഗ്‌ദ്ധാനം നൽകിയാണ് പ്രതി പരാതിക്കാരിയുമായി ബന്ധം പുലർത്തിയതെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നൽകാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.

വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്‍വാങ്ങിയതിന്റെ പേരില്‍ ബലാത്സംഗക്കുറ്റം ആരോപിക്കാനാവില്ലെന്ന് നേരത്തെ കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രായപൂര്‍ത്തിയായവരുടെ പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധവും വിവാഹം നടന്നില്ലെങ്കിലും ബലാത്സംഗ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി പറഞ്ഞു. ബലാത്സംഗമാകണമെങ്കില്‍ സ്ത്രീയുടെ ഇച്ഛയ്ക്ക് വിരുദ്ധമായി ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ പീഡനം നടന്നിട്ടുണ്ടാകണം.

സഹപ്രവര്‍ത്തകയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന് ജാമ്യം അനുവദിച്ചായിരുന്നു കോടതി പരാമര്‍ശം. ആദായനികുതിവകുപ്പ് സ്റ്റാന്‍ഡിങ് കോണ്‍സല്‍ നവനീത് എന്‍ നാഥിനാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും ഉള്‍പ്പെടെയാണ് വ്യവസ്ഥകള്‍. ജസ്റ്റിസ് ബച്ചു കുരിയന്‍ തോമസാണ് ജാമ്യഹര്‍ജി പരിഗണിച്ചത്. ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിരസിച്ചതിനെ തുടര്‍ന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ബിജെപി സംഘടനയായ അഭിഭാഷക പരിഷത്ത് ജില്ലാസമിതി അംഗമാണ് പ്രതി. ബലാത്സംഗം, നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker