കൊച്ചി:വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയുമായി സഹസംവിധായകനെതിരെ യുവതി. പ്രതിയെ സഹായിക്കാൻ ഒരുപാട് പേരുണ്ടെന്ന് ചൂണ്ടിക്കാണിച്ച് യുവതി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. പ്രതിയ്ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കുന്നത്.
മലയാള സിനിമാ മേഖലയില്‍ സഹസംവിധായകനായി ജോലി ചെയ്യുന്ന രാഹുല്‍ സി ബി (രാഹുല്‍ ചിറയ്ക്കല്‍) നെതിരെയാണ് യുവതിയുടെ പരാതി. വിവാഹവാഗ്ദാനം നല്‍കി തന്നെ ശാരീരികമായി ദുരുപയോഗം ചെയ്ത ശേഷം രാഹുല്‍ വഞ്ചിച്ചെന്നാണ് യുവതിയുടെ പരാതി. വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ കേസ് നൽകിയെന്നും ഇതോടെ തനിക്ക് നിരന്തരം വധഭീഷണിയാണുള്ളതെന്നും യുവതി മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നു.
അപകടത്തില്‍പ്പെട്ട് ഇടുപ്പെല്ല് തകര്‍ന്ന് കിടന്ന സമയത്താണ് രാഹുല്‍ തന്നെ ബലാത്സംഗം ചെയ്തത്. വിവാഹം ചെയ്യാമെന്ന ഉറപ്പ് നല്‍കി പലരേയും പീഡിപ്പിച്ചെന്ന് പിന്നീട് അറിഞ്ഞു. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടറായ രാഹുലിനെ സ്വാധീനമുപയോഗിച്ചും പണം കൊണ്ടും പിന്തുണയ്ക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ടാണ്. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് താന്‍ തന്നെയാണെന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട് വെളിപ്പെടുത്തിയെന്നും യുവതി മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. സിനിമാ ഇന്‍ഡസ്ട്രിയില്‍ ഇതൊരു സാധാരണ സംഗതിയാണെന്നും പ്രക്കാട്ട് പറഞ്ഞുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.