13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന പരാതി വ്യാജം, കളവ് പറയാൻ കാരണം പ്രണയ നൈരാശ്യം

കോന്നി: പത്തനംതിട്ടയിൽ13 വയസ്സുകാരിയെ സഹപാഠികൾ പീഡിപ്പിച്ചുവെന്ന കേസിൽ വഴിത്തിരിവ്. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് തെളിഞ്ഞു. കാമുകനുമായി ബ്രേക്ക്അപ്പ് ആയതിനെ തുടർന്നാണ് പെൺകുട്ടി ഇത്തരത്തിൽ വ്യാജപരാതി ഉന്നയിക്കാൻ കാരണമായതെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

കസ്റ്റഡിയിലെടുത്ത ആറുപേരെയും പോലീസ് വിട്ടയച്ചു. മൊഴിയും സാഹചര്യങ്ങളും പൊരുത്തപ്പെടാത്ത സാഹചര്യത്തിലാണ് പോലീസ് നടപടി. ഒമ്പതാം ക്ലാസുകാരിയാണ് 10 പേർക്കെതിരെ പീഡനപരാതി ഉന്നയിച്ചത്. സഹപാഠിയുമായി പ്രണയത്തിലായിരുന്ന പെൺകുട്ടി രണ്ടാഴ്ച മുമ്പാണ് ബ്രേക്ക്അപ്പ് ആയതെന്നാണ് വിവരം. ഇതിന്റെ വൈരാഗ്യത്തിലാവാം പെൺകുട്ടി ഇത്തരത്തിൽ വ്യാജപരാതി ഉന്നയിച്ചതെന്നാണ് വിലയിരുത്തൽ.

സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയായിരുന്നു പെൺകുട്ടി ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് പോലീസ് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചും സ്കൂളിൽ വെച്ചുമാണ് ലൈംഗികാതിക്രമം നടന്നതെന്നായിരുന്നു പരാതി.

പ്രായപൂർത്തിയാകാത്ത നാല് പേരുൾപ്പെടെ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അറസ്റ്റിലേക്ക് നീങ്ങുന്നതിന് തെളിവുകൾ പര്യാപ്തമല്ലാതെ വരികയും പെൺകുട്ടിയുടെ മൊഴിയിൽ വൈരുധ്യമുണ്ടാകുകയും ചെയ്തതോടെയാണ് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചത്. അതേസമയം, വ്യാജപരാതിയിലേക്ക് നീങ്ങിയ സാഹചര്യം അടക്കം കൂടുതൽ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News