31.1 C
Kottayam
Friday, May 3, 2024

കയ്യടി..മധുരം.കണ്ണുനീര്‍.. കൊവിഡുമായെത്തിയ ഇറ്റലിക്കാര്‍ രോഗമില്ലാതെ വീട്ടിലേക്ക് മടങ്ങി.അറിവില്ലായ്മ കൊണ്ടു തെറ്റുപറ്റിയതായി പശ്ചാത്താപം

Must read

പത്തനംതിട്ട രണ്ടാഴ്ച മുമ്പ്,കേരളത്തില്‍ കൊവിഡ് രോഗികള്‍ വ്യാപകമാവും മുമ്പ്,ഇറ്റലിയില്‍ നിന്നും കേരളത്തിലേക്ക് കൊറോണയെ എത്തിച്ച് വിമനത്താവളത്തില്‍ നിന്നും ഒളിച്ചുകടന്ന അവര്‍ നാടിനെ ഭയചകിതരാക്കി.കോട്ടയത്തും പത്തനംതിട്ടയിലുമൊക്കെ രോഗം പകര്‍ത്തിയപ്പോള്‍ വരെ വിശേഷിപ്പിയ്ക്കാന്‍ സോഷ്യല്‍ മീഡിയ പുതിയ പദങ്ങള്‍ തെരഞ്ഞുകൊണ്ടേയിരുന്നു.

കയ്യടി,മധുരം,കണ്ണുനീര്‍ മനസും ഹൃദയവും നിറഞ്ഞാണ് ആ അഞ്ചുപേര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയത്.മടങ്ങിക്കൊണ്ടുപോകാനുള്ള സാധന സമഗ്രികള്‍ക്കൊപ്പം ഒരു പൊതി ചോറുമുണ്ടായിരിന്നു വൈകിട്ട് കഴിയ്ക്കാന്‍. ഇതാണ് കരുതല്‍… സ്‌നേഹം

ഭയമില്ല,ആശങ്കയില്ല മനസുനിറഞ്ഞ് ക്യാമറകള്‍ക്കു മുന്നില്‍ അവര്‍ നിന്നും. സര്‍ക്കാരാശുപത്രിയിലെ ചികിത്സ മികച്ചതാണ്. ജീവനോടെ തിരികെ പോകാമെന്ന് കരുതിയതല്ലെന്നും കണ്ണ് നിറഞ്ഞ് ഈ കുടുംബത്തിലെ അമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇറ്റലിയില്‍ നിന്ന് തിരികെ വന്ന കുടുംബം ആദ്യം വിമാനത്താവളത്തില്‍ പരിശോധന നടത്താന്‍ തയ്യാറായിരുന്നില്ല. ഇത് തെറ്റിദ്ധാരണയാണെന്നും, ഇത്തരത്തില്‍ വലിയൊരു തെറ്റാണ് ചെയ്യുന്നതെന്ന് അറിയില്ലായിരുന്നെന്നും കുടുംബാംഗങ്ങള്‍ വിശദീകരിച്ചു. ”അറിവില്ലായ്മ കൊണ്ട് പറ്റിയതാണ്. പക്ഷേ, ഞങ്ങള്‍ക്ക് ഇവിടെ കിട്ടിയത് മികച്ച ചികിത്സയാണ്. എല്ലാ ഡോക്ടര്‍മാരും മികച്ച പിന്തുണ തന്നു. അവര്‍ കൗണ്‍സിലിംഗ് തന്നു. മനോധൈര്യം തന്നു. ഇവിടത്തെ ഡോക്ടര്‍മാരോട്, നഴ്‌സുമാരോട്, പേരറിയാത്ത ആരോഗ്യപ്രവര്‍ത്തകരോട് ഒക്കെ നന്ദി. എത്രയോ മികച്ച ചികിത്സയാണ് നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളിലേത്”, റാന്നി സ്വദേശികളുടെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തേ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന ഇറ്റലിയില്‍ നിന്ന് തിരികെ എത്തിയ ദമ്പതികളുടെ കോട്ടയത്തുള്ള മകള്‍ക്കും മരുമകനും കൊവിഡ് രോഗം ഭേദമായിരുന്നു. ഇറ്റലിയില്‍ നിന്ന് തിരികെയെത്തിയ ശേഷം റാന്നി സ്വദേശികളായ ദമ്പതികളും മകനും മകളെയും മരുമകനെയും കാണാന്‍ കോട്ടയത്തെ വീട്ടിലെത്തിയിരുന്നു. ഇങ്ങനെയാണ് ഇവര്‍ രണ്ട് പേര്‍ക്കും വൈറസ് ബാധയുണ്ടായത്.

ആദ്യ സാമ്പിള്‍ പരിശോധനയില്‍തന്നെ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇവരുടെ കുട്ടിയെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. റാന്നി സ്വദേശികളുടെ വൃദ്ധരായ മാതാപിതാക്കള്‍ ഇപ്പോഴും രോഗം ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ തുടരുകയാണെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.

റാന്നിയിലെ വീട്ടിലേക്കാണ് ഇറ്റലിയില്‍ നിന്ന് തിരികെ എത്തിയവര്‍ ആദ്യം വന്നത്. വരുമ്പോള്‍ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഫ്‌ലൈറ്റില്‍ അനൌണ്‍സ്‌മെന്റുണ്ടായിരുന്നെങ്കിലും അവര്‍ അത് അനുസരിച്ചിരുന്നില്ല. പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ലാതിരുന്നതിലാണ് റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് എന്ന് ഇവര്‍ പിന്നീട് വിശദീകരിച്ചെങ്കിലും പനി ഉള്‍പ്പടെ വന്നപ്പോഴും സ്വകാര്യ ആശുപത്രിയിലെത്തി മടങ്ങിപ്പോവുക മാത്രമാണ് ചെയ്തത്. തൊട്ടടുത്തുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെയൊന്നും വിവരമറിയിക്കാന്‍ ഇവര്‍ തയ്യാറായില്ല. ഒടുവില്‍ അയല്‍വാസികളായ കുടുംബത്തിന് പനി വന്നപ്പോഴാണ് ഇവര്‍ക്കും അസുഖമുണ്ടെന്ന് ആരോഗ്യവകുപ്പ് തിരിച്ചറിയുന്നത്. അതുവരെ വിദേശത്ത് നിന്ന് വന്നതാണെന്ന വിവരമടക്കം ഇവര്‍ മറച്ചുവച്ചിരുന്നുവെന്ന് പിന്നീട് ജില്ലാ കളക്ടറും ആരോഗ്യമന്ത്രിയുമടക്കം പറഞ്ഞു. വിവരമറിഞ്ഞ് വീട്ടിലെത്തിയ ആരോഗ്യപ്രവര്‍ത്തരോടൊപ്പം ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് വരാന്‍ ഇവര്‍ തയ്യാറായില്ല. പിന്നീട് സ്വന്തം വാഹനത്തില്‍ വരാമെന്നും സര്‍ക്കാരാശുപത്രിയിലേക്ക് വരാന്‍ ബുദ്ധിമുട്ടാണെന്നുമാണ് ഇവര്‍ പറഞ്ഞതും. ഒടുവില്‍ എങ്ങനെയെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ ഇവരോട് സ്വന്തം വാഹനത്തില്‍ വരാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇവര്‍ വിവരം അറിയിക്കാതിരുന്നതിനാല്‍ മൂന്ന് ജില്ലകളാണ് പൊടുന്നനെ ജാഗ്രതയിലേക്ക് പോകേണ്ട സാഹചര്യമുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week