രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്: പത്താം പ്രതിക്കും വധശിക്ഷ

ആലപ്പുഴ : ബി ജെ പി നേതാവ് അഡ്വ.രഞ്ജിത്ത് ശ്രീനിവാസനെ വീട്ടിൽ കയറി ക്രൂരമായി ആക്രമിച്ച കൊലപ്പെടുത്തിയ കേസിൽ പത്താം പ്രതിയെയും കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി വധശിക്ഷ വിധിച്ചു.

ആലപ്പുഴ നഗരസഭ പാലസ് വാർഡിൽ വട്ടക്കാട്ടുശ്ശേരി വീട്ടിൽ നവാസിനെ(52) ആണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി വി ജി ശ്രീദേവി ശിക്ഷിച്ചത്.ആദ്യം വിചാരണ പൂർത്തീകരിച്ച് വിധി പറഞ്ഞ ഘട്ടത്തിൽ പത്താംപ്രതി സുഖമില്ലാതെ ആശുപത്രിയിലായതിനാൽ നവാസിന്റെ വിധി പറഞ്ഞിരുന്നില്ല.

ഇന്ന് വീഡിയോ കോൾ വഴി ഹാജരാക്കിയ പ്രതിയെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ബാക്കി 14 പ്രതികൾക്കും കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു.ശിക്ഷിക്കപ്പെട്ടവരെല്ലാം എസ് ഡി പി ഐ,പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.

ആലപ്പുഴ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത് ആലപ്പുഴ ഡിവൈഎസ്പി ആയിരുന്ന എൻ ആർ ജയരാജ് ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ് ജി പടിക്കൽ ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News