രാജസ്ഥാനിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്നു വീണു; ഏഴു വിദ്യാർഥികൾ മരിച്ചു, 2 പേർക്ക് പരുക്ക്

രാജസ്ഥാനിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്നു വീണു; ഏഴു വിദ്യാർഥികൾ മരിച്ചു, 2 പേർക്ക് പരുക്ക്

ജയ്‌പുർ: രാജസ്ഥാനിലെ ജലവാർ ജില്ലയിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്ന് ഏഴു വിദ്യാർഥികൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. മനോഹർ താനയിലെ പിപ്ലോഡി സർക്കാർ സ്കൂളിൽ വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ഒറ്റനില കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നുവീണത്.

അപകടസമയത്ത് അറുപതോളം വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും പരിസരത്ത് ഉണ്ടായിരുന്നെന്ന് അധികൃതർ അറിയിച്ചു. എട്ടു വയസ്സിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ള വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. എട്ടാം ക്ലാസ് വരെയാണ് സ്കൂളിലുള്ളത്.

സ്കൂൾ കെട്ടിടം നേരത്തെ തന്നെ പൊളിഞ്ഞുവീഴാറായ നിലയിലായിരുന്നെന്നും ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നതായും സ്കൂൾ അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. തുടർന്നാണ് മേൽക്കൂര തകർന്നു വീണത്. ഇടിഞ്ഞുവീഴുന്ന ശബ്ദം കേട്ട് ഗ്രാമവാസികൾ ഓടിക്കൂടിയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. പിന്നാലെ ദുരന്തനിവാരണ സംഘങ്ങളും ജില്ലാ കലക്ടറും സ്ഥലത്തെത്തി. 

സംഭവം അതീവദുഃഖകരമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘‘ഈ സമയത്ത് ദുരിതമനുഭവിക്കുന്ന വിദ്യാർഥികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒപ്പമാണ് എന്റെ മനസ്സ്. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്.’’– എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News