തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. ശംഖുമുഖത്ത് വൈകീട്ട് നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ യുഡിഎഫിലെ മുഴുവന്‍ ഘടകകക്ഷി നേതാക്കളും പങ്കെടുക്കും.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം പ്രതിരോധത്തിലായ കോണ്‍ഗ്രസിനെ സംഘടനാപരമായി ഉണര്‍ത്തുന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ യാത്ര. ജനുവരി 31ന് കാസര്‍കോട് നിന്നാണ് യാത്ര തുടങ്ങിയത്. ഉദ്ഘാടനവേദിയില്‍ ശബരിമല വിഷയം വീണ്ടും ഉന്നയിച്ച് ഉമ്മന്‍ചാണ്ടി യാത്രയുടെ തുടക്കം തന്നെ ചര്‍ച്ചയാക്കി. മലബാറില്‍ ലീഗ് നേതാക്കളുടെ ഉള്‍പ്പടെ വലിയ പിന്തുണ യാത്രക്ക് കിട്ടി.
പൗരത്വപ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യവും ചര്‍ച്ചയായി. പാലായിലെ വേദിയില്‍ വച്ച് മാണി സി കാപ്പന്‍ ഇടതുമുന്നണി വിട്ട് യുഡിഎഫിലെത്തി. സിനിമാതാരങ്ങളായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും രമേഷ് പിഷാരടിയും ഇടവേള ബാബുവും ഐശ്വര്യ കേരള യാത്രാ വേദിയില്‍ എത്തിയത് വാര്‍ത്തയായി.
ആഴക്കടല്‍ മത്സ്യബന്ധനം അമേരിക്കന്‍ കമ്പനിക്ക് നല്‍കുന്നുവെന്ന ചെന്നിത്തലയുടെ ആരോപണം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയാണ് യാത്ര അവസാനിക്കുന്നത്. യാത്ര അവസാനിക്കുന്നതോടെ കോണ്‍ഗ്രസും യുഡിഎഫും സീറ്റ്, സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടക്കും. ഇതിന്റെ ഭാഗമായി ചേരുന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിലും രാഹുല്‍ പങ്കെടുക്കും.