KeralaNews

സംസ്ഥാനത്ത് വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്ന് രമേശ് ചെന്നിത്തല,കൃത്യമായ കണക്കുണ്ടെങ്കില്‍ അത് ചെന്നിത്തല തന്നെ ചേര്‍ത്തതാകുമെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദുമ മണ്ഡലത്തിൽ 164ാം നമ്പർ ബൂത്തിൽ ഒരേ വ്യക്തിക്ക് നാലും അഞ്ചും വോട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും പല മണ്ഡലങ്ങളിലും ആയിരക്കണക്കിന് വോട്ടർമാരുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനതലത്തിൽ കള്ളവോട്ട് സൃഷ്ടിക്കാൻ ഗൂഢാലോചന നടന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ഒരേ പേരും ഫോട്ടോയും വിലാസവും സഹിതമാണ് പേര് ചേർത്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.ഭരണകക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ. അട്ടിമറിക്ക് പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നും സംശയിക്കുന്നു. ഒരേ ആളിന്റെ പേരിൽ നാലും അഞ്ചും വോട്ട് ചേർത്തത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും ചെന്നിത്തല ആരോപിച്ചു. പല മണ്ഡലങ്ങളിലെയും കണക്കുകൾ സഹിതമാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. ഈ വോട്ടുകൾ നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കള്ളവോട്ടുകൾ കണ്ടെത്തി നീക്കം ചെയ്യണം. ഇവരെ തെരഞ്ഞെടുപ്പിൽ പങ്കാളികളാക്കരുത്. എങ്കിലേ സുതാര്യമായ തെരഞ്ഞെടുപ്പ് ഉണ്ടാവൂ. ഡിജിറ്റൽ സംവിധാനത്തിൽ ഇത് വളരെ വേഗം കണ്ടെത്താനാവും. കഴക്കൂട്ടം മണ്ഡലത്തിൽ 4506 കള്ളവോട്ടർമാരെ കണ്ടെത്തി. കൊല്ലത്ത് 2534, തൃക്കരിപ്പൂരിൽ 1436, കൊയിലാണ്ടിയിൽ 4611, നാദാപുരത്ത് 6771, കൂത്തുപറമ്പിൽ 3525 പേരുമാണ് ഉള്ളതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ബാലശങ്കറിന്റെ വെളിപ്പെടുത്തൽ സിപിഎം ബിജെപി കൂട്ടുകെട്ട് ശരിവെക്കുന്നു. ഞങ്ങൾ ഇത് ആരോപിച്ചപ്പോൾ ഞങ്ങളെ പരിഹസിച്ചു. ഇപ്പോൾ ബാലശങ്കർ ശരിവച്ചു. നല്ല രസികൻ വോട്ട് കച്ചവടമാണിത്. ഇത് കേരള വ്യാപകമാണ്. എത്ര മണ്ഡലങ്ങളിൽ ഈ ഡീൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വെളിപ്പെടുത്തണം. അപകടകരമായ കളിയാണിത്. ഇത് സിപിഎമ്മിന്റെ അന്ത്യം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ സംസ്ഥാനവ്യാപകമായി വോട്ടർപട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണം തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതിന് പിന്നിൽ സിപിഎം – ബിജെപി ഡീലാണെന്ന ആരോപണം തരം താഴ്ന്നതാണ്. ഇത്തരം തരംതാഴ്ന്ന ആരോപണമല്ലാതെ പ്രതിപക്ഷനേതാവിന് ഒന്നും പറയാനില്ലേ എന്നും കടകംപള്ളി ചോദിച്ചു. കഴക്കൂട്ടം മണ്ഡലത്തിലെ കള്ളവോട്ടിന്‍റെ കണക്ക് ചെന്നിത്തല പുറത്തുവിട്ടല്ലോ എന്ന് ചോദിച്ചപ്പോൾ, ഇങ്ങനെ കൃത്യം കണക്കുകൾ ചെന്നിത്തലയുടെ പക്കലുണ്ടെങ്കിൽ ആ കള്ളവോട്ടുകൾ ചെന്നിത്തല തന്നെ ചേർത്തതാകും എന്നായിരുന്നു കടകംപള്ളിയുടെ മറുപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button