കൊച്ചി: മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്ക് കെപിസിസി ഏർപ്പെടുത്തിയ വിലക്കിനിടയിലും പരോക്ഷമായ പ്രചാരണങ്ങളിലേർപ്പെട്ട് നേതാക്കൾ. താൻ ഒരു സുപ്രഭാതത്തിൽ പൊട്ടി വീണതല്ലെന്ന് പറഞ്ഞുകൊണ്ട് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയ ചരിത്രം ഓർമിപ്പിച്ചിരിക്കുകയാണിപ്പോൾ. കൊച്ചിയിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ ഓർമിപ്പിക്കൽ. ചടങ്ങിലുണ്ടായിരുന്ന വി.എം.സുധീരൻ ചെന്നിത്തലയുടെ ഭരണമികവിനെ പുകഴ്ത്തുകയും ചെയ്തു. ഇതിന്റെ തുടർച്ചയായിട്ടാണ് ചെന്നിത്തല കെഎസ്‌യു രൂപീകരിച്ചതിന്റെ അടക്കമുള്ള ചരിത്രം പറഞ്ഞത്. ഇന്ന് സോഷ്യൽ മീഡയയിൽ എഴുതിയാൽ നേതാവാകുമെന്ന പരിഹാസവും ചെന്നിത്തല നടത്തി.
'എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കെഎസ്‌യു യൂണിറ്റ് സെക്രട്ടറിയായത്. ഒരു സുപ്രഭാതത്തിൽ പൊട്ടിവീണതല്ല. ഒത്തിരി ഒത്തിരി പ്രയാസങ്ങളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും വളർന്നുവന്ന നേതൃനിരകളാണ് ഞങ്ങളൊക്കെയും. ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതിയാൽ നേതാവാകും. അന്ന് കഷ്ടപ്പെട്ട് സൈക്കിളിൽ യാത്ര ചെയ്താണ് കെഎസ്‌യു രൂപീകരിച്ചത്. അടിക്കൊണ്ട് തലപൊട്ടി ചോര വന്നിട്ടുണ്ട്.' രമേശ് ചെന്നിത്തല പറഞ്ഞു.
പാർട്ടിക്കെതിരെ ഒരക്ഷരം പോലും പറയാതിരിക്കാൻ ശ്രദ്ധിക്കുന്ന ആളാണ് താൻ. സ്ഥാനങ്ങൾ വരികയും പോകുകയും ചെയ്യുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
എന്നാൽ മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ടല്ല തന്റെ പ്രതികരണമെന്ന് പരിപാടിക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ചെന്നിത്തല വ്യക്തമാക്കി. 'അത് വേറെ രീതിയിൽ പറഞ്ഞതാണ്. സോഷ്യൽ മീഡിയയിലൂടെ ഒരു പരാമർശവും നടത്തരുതെന്ന് കെപിസിസി പ്രസിഡന്റിന്റെ നിർദേശമുണ്ട്' രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയവരെ കേന്ദ്രീകരിച്ച് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോൺഗ്രസ് സൈബർ ഹാൻഡിലുകളിൽ പ്രചാരണം നടന്നുവരുന്നുണ്ട്.
വേണുഗോപാലിനെക്കുറിച്ച് ജനനായകൻ എന്നപേരിൽ എ.ഐ. വീഡിയോ കഴിഞ്ഞദിവസം ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെ രമേശ് ചെന്നിത്തലയെ ജനനായകനാക്കിയുള്ള ഡോക്യുമെന്ററി അദ്ദേഹത്തിന്റെ അനുയായികളുമിറക്കി. വേണുഗോപാലിനെക്കുറിച്ചുള്ള ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം ഏതാണ്ട് പൂർത്തിയായെന്നാണ് സൂചന.
കേരളം നേരിടുന്ന പ്രശ്‌നങ്ങൾ അടിസ്ഥാനമാക്കി രമേശ് ചെന്നിത്തല പോഡ്കാസ്റ്റ് തുടങ്ങിയിട്ടുമുണ്ട്. ട്രയൽ കഴിഞ്ഞ ദിവസം നടന്നു. ലോൺ ആപ്പ് കെണിയിൽവീഴുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പോഡ്കാസ്റ്റിൽ ചർച്ചചെയ്യുന്നു. അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ കഴുത്തറപ്പൻ പലിശക്കാരെ പിടിക്കാൻ നടപ്പാക്കിയ ഓപ്പറേഷൻ കുബേരയെക്കുറിച്ചും എടുത്തുപറയുന്നുണ്ട്. കേരളയാത്ര എന്ന് പേരിട്ടിരിക്കുന്ന ഈ പോഡ്കാസ്റ്റിൽ വരുംദിവസങ്ങളിൽ ചെന്നിത്തല വ്യത്യസ്തമായ വിഷയങ്ങളുമായി വരും
ചെന്നിത്തലയുടെ ഒരു നോവൽ അടുത്തിടെ പുറത്തിറക്കിയിരുന്നു. ലോക്സഭ, രാജ്യസഭ, നിയമസഭ തുടങ്ങിയ വേദികളിൽ കെ.സി. വേണുഗോപാൽ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരം ഉടൻ പ്രസിദ്ധീകരിക്കും. ക്രൈസ്തവവേദികളിൽ വി.ഡി. സതീശൻ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരവും അണിയറയിൽ ഒരുങ്ങുന്നുവെന്നാണ് വിവരം.


