തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യമെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ അഴിമതികള്‍ താഴേത്തട്ടിലേക്കെത്തിക്കാന്‍ കഴിഞ്ഞില്ല. ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനം നിര്‍ജീവമായിരുന്നു. സ്ഥാനാര്‍ത്ഥികളുടെ സ്ലിപ്പ് നല്‍കാന്‍ പോലും ആളില്ലാത്ത സ്ഥിതിയാണ് ഉണ്ടായിരുന്നത് എന്നും അശോക് ചവാന്‍ സമിതിക്ക് മുന്നില്‍ ചെന്നിത്തല വിശദീകരണം നല്‍കി.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഓരോ പരാജയങ്ങളും പുതിയ പുതിയ പാഠങ്ങളാണ് പഠിപ്പിക്കുന്നത്.
തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുകയാണ് വേണ്ടത്. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരികെ കൊണ്ടുവരാനുള്ള പോരാട്ടത്തില്‍ മുന്നില്‍ത്തന്നെ ഉണ്ടാകും. പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി ഒരുമിച്ചു നില്‍ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല രാഷ്ട്രപതിക്ക് കത്തയച്ചിരിന്നു. അഡ്മിനിസ്‌ട്രേറ്റര്‍ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യസാഹചര്യത്തെ തകര്‍ക്കുന്നതായും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
വിഷയത്തില്‍ കേന്ദ്ര ഗവണ്‍മെന്റും രാഷ്ട്രപതിയും ഇടപെടണം. ജന വികാരം പൂര്‍ണ്ണമായും മാനിക്കാന്‍ രാഷ്ട്രപതിയും കേന്ദ്ര ഗവണ്‍മെന്റും തയ്യാറാകണം. ജനങ്ങളുടെ ആവശ്യത്തെ അംഗീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.