തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ച വിഡി സതീശന് അഭിനന്ദനമെന്ന് രമേശ് ചെന്നിത്തലയുടെ ആദ്യ പ്രതികരണം. ഹൈക്കമാന്‍റ് തീരുമാനം അംഗീകരിക്കുന്നു. കോൺഗ്രസ് പാർലമെൻ്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ നേതാവിനെ തെരെഞ്ഞെടുക്കാൻ ഹൈക്കമാൻ്റിനെ ചുമതലപ്പെടുത്തിരുന്നു.
ഇപ്പോൾ വി.ഡി സതീശനെ നേതാവായി തെരെഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാൻ്റ് തീരുമാനം അംഗീകരിക്കുന്നു എന്നും രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു . വിഡി സതീശനെ ഫോണിൽ വിളിച്ച് രമേശ് ചെന്നിത്തല അഭിനന്ദനം അറിയിച്ചു.
പതിനഞ്ചാം കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച വിഡി സതീശന് അഭിന്ദനവുമായി കോണ്‍ഗ്രസിലെ യുവനേതാക്കള്‍. കഠിനാദ്ധ്വാനം ചെയ്യാം, ജനങ്ങൾക്കൊപ്പം നിൽക്കാം, പുതു തലമുറ വഴി വിളക്കുകളാകണമെന്നാണ് ഷാഫി പറമ്പില്‍ വിഡി സതീശന് ആശംസ നല്‍കിയുള്ള ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നത്.
മികച്ച പാർലമെൻററി പ്രവർത്തനം,ആഴത്തിലുള്ള പഠനം,ആത്മാർത്ഥമായ ഇടപെടൽ, ജനകീയനായ ജനപ്രതിനിധിയെന്നാണ് വിടി ബല്‍റാം വിഡി സതീശനെ വിശേഷിപ്പിച്ചത്. എല്ലാ പിന്തുണയും എന്നാണ് ടി സിദ്ദിഖ് വിഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് കുറിച്ചത്. സമരസപ്പെടലുകൾ ഇല്ലാതെ സമരസമര സാഗരം തീർക്കാന്‍ വിഡി സതീശനെന്നാണ് യുവ കോണ്‍ഗ്രസ് നേതാവ് വിഎസ് ജോയ് കുറിച്ചത്.