തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ചീഫ് സെക്രട്ടറി ടോം ജോസ് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കൊപ്പം ഹെലികോപ്ടര്‍ യാത്ര നടത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം.
പ്രളയത്തില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്യാന്‍ ഉത്തരവിറക്കാനായിരുന്നു യാത്ര. മാലിന്യം നീക്കം ചെയ്യാനെന്ന പേരില്‍ മണല്‍ വില്‍പ്പന നടത്താനാണ് ശ്രമം. ഒരു പൊതു മേഖല സ്ഥാപനത്തിന്റെ പേരില്‍ വില്‍പ്പന നടത്താനുള്ള ദുരൂഹ നീക്കമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു
മാലിന്യം നീക്കാനെന്ന പേരില്‍ സിപിഎം നേതാവ് ചെയര്‍മാനായ കണ്ണൂരിലെ കേരള ക്ലേ ആന്റ് സെറാമിക്സ് എന്ന സ്ഥാപനത്തിനാണ് മണല്‍ നീക്കാനുള്ള കരാര്‍ നല്‍കിയത്. പൊതുമേഖലയെ മുന്‍ നിര്‍ത്തി സ്വകാര്യ കമ്പനികളെ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കൊവിഡിന്റെ മറവില്‍ കേരളത്തില്‍ എന്തു തോന്നിവാസവും നടത്താമെന്ന സ്ഥിതിയിലാണ് സര്‍ക്കാരെന്നും ചെന്നിത്തല ആരോപിച്ചു.
ഒരു ലക്ഷത്തിലേറെ മെട്രിക് ടണ്‍ മണലും മണ്ണുമാണ് പമ്പ ത്രിവേണിയില്‍ കെട്ടിടക്കിടക്കുന്നത്. സര്‍ക്കാര്‍ ഖജനാവിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ ദുരൂഹമായ സാഹചര്യത്തില്‍ പൊതുമേഖ സ്ഥാപനത്തിന്റെ പേര് പറഞ്ഞ് നടത്തുന്ന അനധികൃത ഇടപാടാണിതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
വനം മന്ത്രി പറഞ്ഞത് ഇതിനെ പറ്റി ഒന്നും അറിയില്ലെന്നാണ്. മഴക്കാലമെത്തിയതോടെ വനം വകുപ്പ് അറിയാതെ ദുരന്തനിവാരണ നിയമമനുസരിച്ചാണ് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്.പെട്ടെന്നുള്ള ഉത്തരവില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വന സ്വത്തായ മണ്ണ് നീക്കം ചെയ്യാമെന്നല്ലാതെ വില്‍ക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.