25.3 C
Kottayam
Monday, May 27, 2024

റമീസ് ഓടിച്ചിരുന്നത് അര്‍ജുന്‍ ആയങ്കിയുടെ ബൈക്ക്; ഇന്നലെ ചോദ്യം ചെയ്യലിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരിന്നു

Must read

കണ്ണൂര്‍: അഴീക്കോട് വാഹനാപകടത്തില്‍ മരിച്ച റമീസ് ഓടിച്ചത് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ബൈക്കാണെന്ന് സ്ഥിരീകരണം. അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്താണ് റമീസ്. സ്വര്‍ണക്കടത്തുമായി റമീസിനുള്ള ബന്ധം അന്വേഷിക്കുന്നതിനായി കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ റമീസ് എത്തിയിരുന്നില്ല.

സ്വര്‍ണം തട്ടിയെടുക്കാന്‍ അര്‍ജുന്‍ ആയങ്കിക്കൊപ്പം റമീസും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നുവെന്ന് കണ്ടെത്തിയ കസ്റ്റംസ് കഴിഞ്ഞ ദിവസം റമീസിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇന്നലെ രാത്രി ഉമ്മയെ വീട്ടിലാക്കി മടങ്ങുമ്പോഴാണ് റമീസ് അപകടത്തില്‍പെട്ടത്. റമീസ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്നവര്‍ ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം. ബൈക്ക് കാറില്‍ വന്നിടിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് കസ്റ്റംസ്.

അതേസമയം കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. എന്നാല്‍ കേസില്‍ മൂന്നാം പ്രതിയും ആയങ്കിയുടെ സുഹൃത്തുമായ അജ്മലിന് കോടതി ജാമ്യം അനുവദിച്ചു. സ്വര്‍ണക്കടത്തിലെ മുഖ്യസൂത്രധാരന്‍ അര്‍ജുന്‍ ആയങ്കി ആണെന്നായിരുന്നു കോടതിയില്‍ കസ്റ്റംസിന്റെ പ്രധാനവാദം.

അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമല, ഷാഫി, കേസുമായി ബന്ധപ്പെട്ട മറ്റ് നിരവധി പേരെ ചോദ്യം ചെയ്തതിന്റെ മൊഴി പകര്‍പ്പ് മുദ്രവച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആയങ്കിയുടെ സുഹൃത്താണ് അജ്മല്‍. സ്വര്‍ണം കടത്താന്‍ ഷെഫീഖിന് നിര്‍ദേശം നല്‍കിയത് അജ്മലാണ്.

അര്‍ജുന്‍ ആയങ്കിക്കു ജാമ്യം നല്‍കിയാല്‍ രാജ്യത്തെ വലിയ കുറ്റവാളിയായി മാറിയേക്കാമെന്നു കസ്റ്റംസ് കോടതിയെ അറിയിച്ചിരിന്നു. അര്‍ജുന്‍ വിവിധ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു കള്ളക്കടത്തു സ്വര്‍ണം തട്ടിയെടുത്തിട്ടുണ്ടെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് കസ്റ്റംസ് പറഞ്ഞിരിന്നു. ജാമ്യം നല്‍കിയാല്‍ അതു വലിയ കുറ്റകൃത്യങ്ങള്‍ക്കു വഴിവയ്ക്കും. അര്‍ജുന്‍ ആയങ്കിക്ക് അന്തര്‍സംസ്ഥാന കള്ളക്കടത്തു സംഘവുമായി ബന്ധമുണ്ടെന്നും കസ്റ്റംസ് വാദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week