കോഴിക്കോട്: പ്രമുഖ നാടകകാരനും സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ ഡയറക്ടറുമായിരുന്ന ഡോ. രാമചന്ദ്രന്‍ മൊകേരി അന്തരിച്ചു. 75 വയസായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിക്സയില്‍ കഴിയവേ ആണ് അന്ത്യം. പകല്‍ 12 മണി വരെ മൃതദേഹം കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശശനത്തിന് വെച്ചിരുന്നു. മൃതദേഹം പിന്നീട് തലശ്ശേരിയിലേക്ക് കൊണ്ടുപോയി. സംസ്കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടക്കും.
ഏകാംഗ നാടകത്തിന്റെയും തെരുവുനാടകത്തിന്റെയും പ്രയോക്താക്കളില്‍ ഒരാളായിരുന്നു ഡോ. രാമചന്ദ്രന്‍ മൊകേരി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, കാലിക്കറ്റ് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ ഇംഗ്ലിഷ് അധ്യാപകനായിരുന്നു. ഷേക്‌സ്പിയര്‍ നാടകങ്ങളിലാണ് മൊകേരി ഗവേഷണ ബിരുദം നേടിയത്. കോഴിക്കോട് സര്‍വകലാശാലയുടെ കീഴില്‍ തൃശൂരുള്ള സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഡയറക്ടറായും സേവനം അനുഷ്ടിച്ചിരുന്നു.
പ്രശസ്ത സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ‘അമ്മ അറിയാന്‍’, ചിന്ത രവി സംവിധാനം ചെയ്ത ഒരേ തൂവല്‍ പക്ഷികള്‍, ജയിംസ് ജോസഫിന്റെ ഗലീലിയോ, പിക്സേലിയ തുടങ്ങിയ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നടന്‍ നരേന്ദ്രപ്രസാദിനൊപ്പം ഗലീലിയൊ നാടകത്തിലും പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ചിഹ്നഭിന്നം, തെണ്ടിക്കൂത്ത്, എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്. കെ.വി.ഗോവിന്ദന്റെയും ദേവകിയുടെയും മകനായി 1947ല്‍ പാനൂര്‍ മൊകേരിയില്‍ ആണ് രാമചന്ദ്രന്‍റെ ജനനം. ഭാര്യ: ഉഷ(റിട്ട. അധ്യാപിക, മക്കള്‍; മനു(ഐ.ടി. എഞ്ചിനിയര്‍, സിംഗപ്പൂര്‍), ജോണ്‍സ് (ബിസിനസ്).